ഗോളുകൾ വരും : മെസ്സിയെ കുറിച്ച് പോച്ചെട്ടിനോ പറയുന്നു!

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ലീഗ് വണ്ണിൽ ഇതുവരെ അദ്ദേഹത്തിന് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി ഹാട്രിക് അസിസ്റ്റ് നേടിയത് മാറ്റി നിർത്തിയാൽ നിരാശജനകമായ പ്രകടനമാണ് മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായത്. എട്ട് ലീഗ് വൺ മത്സരങ്ങളിൽ നിന്നും കേവലം 1 ഗോൾ മാത്രമാണ് മെസ്സിക്ക് നേടാനായത്.

മെസ്സിയുടെ ഈ ഗോൾ വരൾച്ച പലർക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ മെസ്സിയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂടുതൽ ഗോളുകൾ നേടുമെന്നും ഉറപ്പ് പറഞ്ഞിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് സമയത്തിന്റെ മാത്രം ചോദ്യമാണ്.പക്ഷേ മെസ്സി ഗോളുകൾ നേടുക തന്നെ ചെയ്യും.ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.പക്ഷേ ഗോളുകൾ നേടുന്നതിൽ ഞങ്ങൾക്ക് പ്രശ്നങ്ങളുണ്ട്.മെസ്സിയുടെ കാര്യമെടുത്താൽ,തീർച്ചയായും അദ്ദേഹം കൂടുതൽ ഗോളുകൾ നേടുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.അസാധാരണമായ ഒരു താരമാണ് അദ്ദേഹം. അതുല്യമായ പ്രതിഭയുണ്ട് മെസ്സിക്ക്.അദ്ദേഹം എപ്പോഴും ഗോളുകൾ നേടാറുണ്ട്. ഇനിയും നേടുക തന്നെ ചെയ്യും ” ഇതാണ് പോച്ചെ പറഞ്ഞത്.

ഇന്ന് ലീഗ് വണ്ണിൽ പിഎസ്ജി ലെൻസിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ മെസ്സി ഇറങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *