ഗോളും അസിസ്റ്റുമായി നെയ്മർ,ഉജ്ജ്വലവിജയം തുടർന്ന് പിഎസ്ജി

തുടർച്ചയായ മൂന്നാം സൗഹൃദമത്സരത്തിലും തകർപ്പൻ ജയം തുടർന്ന് പിഎസ്ജി. സൂപ്പർ താരങ്ങൾ നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജി ജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഏഴും അതിന് മുൻപത്തെ മത്സരത്തിൽ ഒൻപതും ഗോളുകൾ നേടിയായിരുന്നു പിഎസ്ജി കരുത്തു കാണിച്ചിരുന്നത്. ഇപ്രാവശ്യം സെൽറ്റിക്കിനോടാണ് നാല് ഗോൾ ജയം നേടിയത്. ആദ്യപകുതിയിൽ മാത്രം കളിച്ച് ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സൂപ്പർ താരം നെയ്മർ ജൂനിയർ തന്നെ പിഎസ്ജിയെ മുന്നിൽ നിന്ന് നയിച്ചത്. ശേഷിച്ച ഗോളുകൾ കെയ്‌ലിൻ എംബാപ്പെ, ആൻഡർ ഹെരേര, പാബ്ലോ സറാബിയ എന്നിവർ നേടി. ഇതോടെ പിഎസ്ജിയുടെ സൗഹൃദമത്സരങ്ങൾ കഴിഞ്ഞു. ഇനി ഡൊമസ്റ്റിക്കിലെ രണ്ട് ഫൈനലുകളും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുമാണ് പിഎസ്ജിക്ക് മുന്നിൽ അവശേഷിക്കുന്നത്.

മത്സരം തുടങ്ങി ആദ്യമിനിറ്റിൽ തന്നെ എംബാപ്പെ വലകുലുക്കി. മൈതാനമധ്യത്തിൽ നിന്ന് നെയ്മർ നൽകിയ മനോഹരമായ പാസ് എംബാപ്പെ ലക്ഷ്യം കാണുകയായിരുന്നു. 25-ആം മിനിറ്റിൽ നെയ്മറുടെ ഗോളും വന്നു. ബോക്സിനകത്ത് വെച്ച് താരം പുറപ്പെടുവിച്ച ക്ലോസ് റേഞ്ച് ഷോട്ട് എതിർ താരത്തിന്റെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. ആദ്യപകുതിക്ക് ശേഷം ഇരുവരെയും പിൻവലിച്ചു. രണ്ടാം പകുതിയിൽ 48-ആം മിനുട്ടിൽ ഹെരേരയുടെ ഗോൾ വന്നു. 67-ആം മിനിറ്റിൽ തകർപ്പനൊരു വോളിയിലൂടെ പാബ്ലോ സറാബിയയും വലകുലുക്കിയതോടെ ഗോൾപട്ടിക പൂർണ്ണമായി.

Leave a Reply

Your email address will not be published. Required fields are marked *