ക്വാഡ്രപ്പിൾ തന്നെയാണ് ലക്ഷ്യം: എതിരാളികൾക്ക് മുന്നറിയിപ്പുമായി എൻറിക്കെ
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ലൂയിസ് എൻറിക്കെക്ക് കീഴിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തെടുക്കുന്നത്.ഈ സീസണിൽ നാല് കിരീടങ്ങൾ നേടി കൊണ്ട് ക്വാഡ്രപ്പിൾ പൂർത്തിയാക്കാനുള്ള സുവർണ്ണാവസരം പിഎസ്ജിക്ക് മുൻപിലുണ്ട്. കഴിഞ്ഞ ജനുവരി മാസത്തിൽ ഫ്രഞ്ച് സൂപ്പർ കപ്പ് പിഎസ്ജി സ്വന്തമാക്കിയിരുന്നു.മാത്രമല്ല ലീഗ് വൺ കിരീടം ഏറെക്കുറെ അവർ ഉറപ്പിച്ചിട്ടുണ്ട്. 11 പോയിന്റിന്റെ ലീഡ് ഇപ്പോൾ പിഎസ്ജിക്കുണ്ട്. ഇന്നത്തെ മത്സരത്തിൽ പിഎസ്ജി വിജയിക്കുകയും മൊണാക്കോ പോയിന്റ് ഡ്രോപ്പ് ചെയ്യുകയും ചെയ്താൽ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കും.
കൂടാതെ കോപ ഡി ഫ്രാൻസിന്റെ ഫൈനലിൽ പിഎസ്ജി എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടാണ് അവരുടെ എതിരാളികൾ. ഇങ്ങനെ നാല് കിരീട സാധ്യതകൾ അവരുടെ മുന്നിലുണ്ട്. ഈ നാല് കിരീടങ്ങളും ഷെൽഫിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
PSG coach Luis Enrique says that he and his team discuss the possibility of winning the quadruple this season 👀 pic.twitter.com/OzWQV77bBY
— ESPN FC (@ESPNFC) April 23, 2024
” തീർച്ചയായും ക്വാഡ്രപ്പിൾ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.ഞങ്ങൾ അതേക്കുറിച്ച് സംസാരിച്ചിരുന്നു.അതൊരു മോട്ടിവേഷനാണ്. ഈ ക്ലബ്ബിന്റെയും നഗരത്തിന്റെയും ചരിത്രത്തിൽ ഇടം നേടാനുള്ള ഒരു വഴിയാണ് അത്. പക്ഷേ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് എങ്ങനെ സ്വന്തമാക്കാം,ഏത് ശൈലിയിൽ അതിലേക്ക് എത്തിച്ചേരാം എന്നതാണ്.ഞങ്ങൾക്ക് ഇനിയും എട്ട് മത്സരങ്ങൾ ബാക്കിയുണ്ട്.എല്ലാ മത്സരങ്ങളിലും ഒരേ കമ്മിറ്റ്മെന്റോട് കൂടി ഞങ്ങൾ പോരാടും. തീർച്ചയായും ഇതെല്ലാം ഞങ്ങളെ പ്രചോദിപ്പിക്കുന്നു.ഒരു കിരീടം ഇതിനോടകം തന്നെ ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ലീഗ് കിരീടം ഞങ്ങൾക്ക് ഉറപ്പാക്കണം. കൂടാതെ ഒരു ഫൈനൽ ഞങ്ങളെ കാത്തിരിക്കുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ഫോക്കസ്ഡായിരിക്കേണ്ടത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലോറിയെന്റാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30നാണ് മത്സരം നടക്കുക. നിലവിൽ 11 പോയിന്റിന്റെ ലീഡ് പിഎസ്ജിക്കുണ്ട്.