കോച്ച് ഇന്നലെ ജനിച്ചതല്ല, MNM സീറോയുമല്ല: വിമർശനങ്ങൾക്ക്‌ ചുട്ടമറുപടിയുമായി ലിയനാർഡോ!

ഈ സീസണിൽ കേവലം ഒരു തോൽവി മാത്രമാണ് വമ്പൻമാരായ പിഎസ്ജി വഴങ്ങിയിട്ടുള്ളത്. ഭൂരിഭാഗം മത്സരങ്ങളിലും വിജയിക്കുമ്പോഴും പിഎസ്ജിക്ക് വിമർശനങ്ങൾ മാത്രമായിരുന്നു ബാക്കി. പരിശീലകൻ പോച്ചെട്ടിനോക്കും മുന്നേറ്റനിര താരങ്ങളായ നെയ്മർ, മെസ്സി, എംബപ്പേ എന്നിവർക്കുമായിരുന്നു വിമർശനങ്ങൾ ഏറെ ഏൽക്കേണ്ടി വന്നത്.

എന്നാൽ ഈ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയക്ടറായ ലിയനാർഡോ. വിമർശനങ്ങൾ അതിരു കടക്കുന്നു എന്നാണ് ലിയനാർഡോ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ നല്ല രൂപത്തിൽ അല്ല കളിക്കുന്നത് എങ്കിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷേ ഇപ്പോൾ വിമർശനങ്ങൾ അതിര് കടന്നിട്ടുണ്ട്.ഞങ്ങളുടെ കോച്ച് ഇന്നലെ ജനിച്ചതാണെന്നും അദ്ദേഹത്തിന് ഫുട്ബോളിനെ പറ്റി ഒന്നുമറിയില്ല എന്നുമാണോ നിങ്ങൾ പറയുന്നത്? ഞങ്ങളുടെ മിന്നും താരങ്ങൾ സീറോയാണ് എന്നാണോ നിങ്ങൾ പറയുന്നത്? പിഎസ്ജി നല്ല രൂപത്തിൽ എത്താൻ വേണ്ടി സംസാരിക്കുന്നവരും ഉണ്ട്. അത് പേർസണൽ പ്രൊമോഷനാണ്.ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.പക്ഷേ ഞങ്ങൾക്ക്‌ 10 വിജയങ്ങളുണ്ട്. 10 പോയിന്റിന് മുകളിലാണ് ഞങ്ങൾ.ഒരുപക്ഷെ ഞങ്ങൾ മികച്ച രൂപത്തിൽ കളിച്ചിട്ടില്ലായിരിക്കാം. പക്ഷേ ഞങ്ങൾ അതിന്റെ വഴിയിലാണ്. ഞങ്ങൾ ഒരിക്കലും അധ്വാനത്തിൽ കുറവ് വരുത്തിയിട്ടില്ല.എങ്ങനെ വിജയം നേടണമെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾക്ക്‌ മെസ്സി, നെയ്മർ, എംബപ്പേ, മാർക്കിഞ്ഞോസ്,വെറാറ്റി, പോച്ചെട്ടിനോ എന്നിവരെ കുറിച്ച് മോശമായി സംസാരിക്കാനുള്ള ഒരു അവകാശവുമില്ല ” ലിയനാർഡോ പറഞ്ഞു.

ഇനി ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിനെതിരെയാണ് പിഎസ്ജിയുടെ മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് പിഎസ്ജി.

Leave a Reply

Your email address will not be published. Required fields are marked *