കഴിഞ്ഞ സീസണിൽ മികവിലേക്ക് ഉയരാൻ കഴിയാത്തതിന്റെ കാരണമെന്ത് ? മെസ്സി പറയുന്നു.
കഴിഞ്ഞ സീസണിൽ ആയിരുന്നു മെസ്സി ബാഴ്സ വിട്ടുകൊണ്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ എത്തിയത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ അല്ല കാര്യങ്ങൾ നടന്നത്.തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.ഇതോടെ വലിയ വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വരികയും ചെയ്തു.
എന്നാൽ ഈ സീസൺ വളരെ വ്യത്യസ്തമാണ്. തകർപ്പൻ പ്രകടനമാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 12 ഗോളുകളും 8 അസിസ്റ്റുകളുമായി ഈ സീസണിൽ 20 ഗോൾ കോൺട്രിബൂഷൻസ് മെസ്സിക്ക് നേടാൻ കഴിഞ്ഞു.മാത്രമല്ല യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ പല കാര്യങ്ങളിലും മെസ്സിയാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ സീസണിലെ പ്രകടനവും ഈ സീസണിലെ പ്രകടനവും തമ്മിലുള്ള വ്യത്യാസവും അതിന്റെ കാരണവും ലയണൽ മെസ്സി ഇപ്പോൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മെസ്സി പറഞ്ഞിട്ടുണ്ട്. പുതുതായി നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.
Lionel Messi Reveals Challenges of Adapting to PSG Following Barcelona Exit https://t.co/h40lcbFmYB
— PSG Talk (@PSGTalk) October 6, 2022
‘ ഈ സീസണിൽ ഞാൻ ശാരീരികമായി നല്ല രൂപത്തിലാണ്. കഴിഞ്ഞ സീസണിനെ വെച്ച് നോക്കുമ്പോൾ ഈ സീസണിൽ നല്ല ഒരു പ്രീ സീസണും എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാൻ പരിശീലനം ആരംഭിച്ചത് വളരെ വൈകിയാണ്.എന്റെ പ്രകടനത്തിന് റിതം ഉണ്ടായിരുന്നില്ല. ഞാൻ അങ്ങനെയാണ് നാഷണൽ ടീമിൽ എത്തിയത്.മാത്രമല്ല പരിക്കുകളോടുകൂടി മടങ്ങുകയും ചെയ്തു. പിന്നീട് എനിക്ക് കോവിഡ് പിടിപെടുകയും ചെയ്തു. ഇതുകൊണ്ടൊക്കെ എനിക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല ‘ മെസ്സി പറഞ്ഞു.
ഏതായാലും മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനം ആരാധകർക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.