കരാർ പുതുക്കാനുള്ള ആഗ്രഹം മെസ്സിയെ അറിയിച്ച് കാംപോസ്,എതിർപ്പില്ലാതെ താരം!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്.ആകെ ക്ലബ്ബിനുവേണ്ടി 15 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും 10 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു മെസ്സിയെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

അതുകൊണ്ടുതന്നെ മെസ്സിയുടെ ഈയൊരു പ്രകടനത്തിൽ പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫിയും സ്പോർട്ടിംഗ് അഡ്വൈസർ ലൂയിസ് കാംപോസും വളരെയധികം സംതൃപ്തരാണ്. മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണിന് ശേഷം അവസാനിക്കും. ഈ കരാർ പുതുക്കാൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമുണ്ട്.ലൂയിസ് കാംപോസാവട്ടെ ഇക്കാര്യം ലയണൽ മെസ്സിയോട് പറയുകയും ചെയ്തിട്ടുണ്ട്.

2 വർഷത്തേക്ക് അഥവാ 2025 വരെയുള്ള ഒരു പുതിയ കരാറാണ് ക്ലബ്ബ് മെസ്സിക്ക് ഓഫർ ചെയ്യുക. അതേസമയം സാലറിയുടെ കാര്യത്തിൽ ഇപ്പോഴും പിഎസ്ജിക്ക് ആശങ്കയുണ്ട്. അതായത് സമീപകാലത്ത് 350 മില്യൺ ഡോളർ പിഎസ്ജിക്ക് നഷ്ടം സംഭവിച്ചിരുന്നു. ലയണൽ മെസ്സിക്ക് 41 മില്യൺ യൂറോ വാർഷിക സാലറി ആയി നൽകണോ എന്നുള്ള കാര്യത്തിലാണ് ഇപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് പിഎസ്ജിയുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മറ്റൊരു കാര്യം കൂടി ഇവർ പറഞ്ഞുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറാണ്. പക്ഷേ ഉടൻ അതുണ്ടാവില്ല.നിലവിൽ ഖത്തർ വേൾഡ് കപ്പിൽ മാത്രമാണ് മെസ്സി ശ്രദ്ധിച്ചിരിക്കുന്നത്. വേൾഡ് കപ്പ് അവസാനിച്ചതിനുശേഷമാണ് ഭാവിയെക്കുറിച്ച് മെസ്സി തീരുമാനിക്കുക. അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്കും താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *