ഓക്സിജൻ മാസ്ക് ധരിച്ച് നെയ്മറും ഇകാർഡിയും, ഉടൻ തന്നെ വിശദീകരണവും!

നിലവിൽ പരിക്ക് മൂലം പുറത്തിരിക്കുന്ന പിഎസ്ജിയുടെ സൂപ്പർ താരങ്ങളാണ് നെയ്മർ ജൂനിയറും മൗറോ ഇകാർഡിയും. ഇന്ന് ഡിജോണിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരെയും ലഭിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനിടെ ഇരുവരും ഓക്സിജൻ മാസ്ക് ധരിച്ചു ചിത്രങ്ങൾ പുറത്ത് വിട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തി. കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇതിന്റെ നിജസ്ഥിതിയറിയാൻ പിഎസ്ജി ആരാധകർ തിടുക്കം കൂട്ടിയിരുന്നു. ഉടൻ തന്നെ ഇതിന് വിശദീകരണവുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് മൗറോ ഇകാർഡി. തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ചികിത്സയാണെന്നും ശുദ്ധമായ ഓക്സിജൻ ശ്വസിക്കുന്നത് പരിക്കിൽ നിന്നും പെട്ടന്ന് മുക്തമാവാൻ സാധിക്കുമെന്നും അതിനാലാണ് ഈ ഓക്സിജൻ ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്നുമാണ് ഇകാർഡി വിശദീകരണം നൽകിയത്.

” ഇതൊരു ഹൈപ്പർബാറിക്ക് ചേംബറാണ്.ഇഞ്ചുറിയിലായിരിക്കുന്ന സമയത്ത് ഇത് ഞാൻ ഉപയോഗിക്കാറുണ്ട്.പരിക്കിൽ നിന്നും വേഗത്തിൽ മുക്തമാവാനും മത്സരത്തിലും പരിശീലനത്തിലും കൂടുതൽ ഊർജ്ജസ്വലതയോടെ കളിക്കാനും ഇത് സഹായകരമാവും.സാധാരണ രീതിയിൽ മൂന്ന് തവണ ശ്വസിക്കുന്നതിന്റെ ഫലം ഒരൊറ്റ തവണ ശുദ്ധമായ ഓക്സിജൻ ശ്വസിക്കുന്നതിലൂടെ ലഭിക്കും ” തങ്ങളുടെ ഓക്സിജൻ തെറാപ്പിയെ കുറിച്ച് ഇകാർഡി പറഞ്ഞു.അടുത്ത ആഴ്ച്ച ഇകാർഡി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അവസാന 15 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ ഇകാർഡി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *