ഒരു വശത്ത് എംബപ്പേ,മറുവശത്ത് മെസ്സി,നെയ്മറുടെ കാര്യത്തിൽ താരങ്ങൾ രണ്ട് തട്ടിൽ,PSG യിൽ അധികാരത്തർക്കം മുറുകുന്നു?
സൂപ്പർ താരം നെയ്മർ ജൂനിയറെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ആലോചിച്ചിരുന്നു. ഇതിന്റെ ചില സൂചനകൾ ക്ലബ്ബിന്റെ പ്രസിഡന്റായ നാസർ അൽ ഖലീഫി നൽകുകയും ചെയ്തിരുന്നു.ക്ലബ്ബിന്റെ പ്രോജക്ടിന് അനുയോജ്യമാവാത്തവർ ക്ലബ്ബ് വിടേണ്ടി വരുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.
ഏതായാലും നെയ്മറുടെ വിഷയത്തിൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ചില കാര്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് നെയ്മറെ ഈ സമ്മറിൽ ഒഴിവാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ പിഎസ്ജിയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നിലവിൽ രണ്ട് തട്ടിലാണ് പിഎസ്ജി താരങ്ങൾ ഈ വിഷയത്തിൽ നിലകൊള്ളുന്നത്.
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ കരാർ പിഎസ്ജി ഈയിടെ 2025 പുതുക്കിയിരുന്നു. മാത്രമല്ല ഇതോടുകൂടി പിഎസ്ജി ചില തീരുമാനങ്ങൾ എടുക്കാനുള്ള പവർ എംബപ്പേക്ക് പിഎസ്ജി നൽകി എന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഏതായാലും നെയ്മറെ നിലവിൽ പിഎസ്ജിക്ക് ആവശ്യമില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നുള്ള അഭിപ്രായക്കാരനാണ് നിലവിൽ എംബപ്പേ. അച്ചടക്കമില്ലാത്ത താരമാണ് നെയ്മർ എന്നാണ് ഇതിനെ കാരണമായി കൊണ്ട് എംബപ്പേ ചൂണ്ടിക്കാണിക്കുന്നത്.
❗️ La posible salida de Neymar del PSG tiene a Messi de un lado y a Mbappé del otro, ante lo cual se manifestó Nasser Al-Khelaifihttps://t.co/xUCFYghby0
— Mundo Deportivo (@mundodeportivo) July 6, 2022
അതേസമയം ലയണൽ മെസ്സിക്ക് ഇക്കാര്യത്തിൽ എതിരഭിപ്രായമാണുള്ളത്. അതായത് തന്റെ സുഹൃത്തായ നെയ്മറെ ഇപ്പോൾ ഒഴിവാക്കേണ്ട സാഹചര്യമില്ല എന്നാണ് മെസ്സിയുടെ അഭിപ്രായം. അടുത്ത സീസണിൽ ടീമിലെ എല്ലാവർക്കും മികവിലേക്ക് ഉയരാൻ കഴിയുമെന്നുള്ള വിശ്വാസമാണ് മെസ്സി വെച്ച് പുലർത്തുന്നത് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോയുടെ കണ്ടെത്തൽ.ചുരുക്കത്തിൽ നെയ്മറുടെ വിഷയത്തിൽ ക്ലബ്ബിനകത്ത് ഒരു പിടിവലി ഉണ്ട് എന്നാണ് സ്പാനിഷ് മാധ്യമം പറഞ്ഞുവെക്കുന്നത്.
പക്ഷേ യാഥാർത്ഥ്യം പരിഗണിക്കുമ്പോൾ നെയ്മർ ഈ സീസണിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്. മാത്രമല്ല നെയ്മറും മെസ്സിയുമൊക്കെ ഇപ്പോൾ ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുമുണ്ട്.