ഒരു മാസമായി വീടിന് പുറത്തിറങ്ങിയിട്ട്,നേരിടേണ്ടി വന്നത് രണ്ട് മില്യൺ മെസ്സേജുകൾ, അൽവാരോ ഗോൺസാലസ് പറയുന്നു !

കഴിഞ്ഞ മാസം നടന്ന പിഎസ്ജി vs മാഴ്സെ മത്സരം വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. താരങ്ങൾ തമ്മിലുള്ള കയ്യാങ്കളിയും വംശീയാധിക്ഷേപ ആരോപണങ്ങളുമെല്ലാം തന്നെ ഫുട്ബോൾ ലോകത്തിന് തന്നെ നാണക്കേട് സൃഷ്ടിച്ചിരുന്നു. തന്നെ അൽവാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചിരുന്നു എന്ന നെയ്മറുടെ ആരോപണത്തിൽ ഫ്രഞ്ച് ഫുട്ബോൾ അധികൃതർ നടപടികൾ ഒന്നും തന്നെ കൈകൊണ്ടിരുന്നില്ല. ശക്തമായ തെളിവുകളുടെ അഭാവം കാരണം നെയ്മറെയും ഗോൺസാലസിനേയും ശിക്ഷാനടപടികളിൽ നിന്ന് ഫ്രഞ്ച് ഫുട്ബോൾ അധികൃതർ ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ നെയ്മർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അൽവാരോ. നെയ്മറുടെ ആരോപണം തനിക്കും കുടുംബത്തിനും ഒട്ടേറെ ബുദ്ദിമുട്ടുകൾ സൃഷ്ടിച്ചുവെന്നും ഒരു മാസത്തോളമായി തന്നെ വീടിന് പുറത്തിറങ്ങിയിട്ടെന്നും ഗോൺസാലസ് അറിയിച്ചു. നെയ്മർ ഒരിക്കലും തന്നെ തന്റെ ബഹുമാനം അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒണ്ട സിറോ എന്ന റേഡിയോക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

” ഞാൻ ഇതുവരെ ഒരു പരിഹാസങ്ങളും നടത്തിയിട്ടില്ല. ആരെയെങ്കിലും അപമാനിക്കാൻ എന്റെ കരിയറിനെയോ വ്യക്തിജീവിതത്തെയോ ഞാൻ അനുവദിക്കുകയുമില്ല. നെയ്മർ ഒരിക്കലും തന്നെ എന്റെ ബഹുമാനം അർഹിക്കുന്നില്ല. എനിക്ക് തോന്നുന്നത് അതെല്ലാം തെറ്റിദ്ധാരണ ആയിരുന്നു എന്നാണ്. എല്ലാം കേട്ട ഒരാളും തന്നെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. ഞാൻ എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ അത് ക്യാമറകൾക്ക്‌ കണ്ടുപിടിക്കാൻ കഴിഞ്ഞേനെ. നെയ്മറുടെ ആരോപണം എനിക്കും എന്റെ പരിതസ്ഥിതിക്കും വളരെ വലിയ ദോഷങ്ങളാണ് സൃഷ്ടിച്ചു വെച്ചത്. ഞാൻ ഒരു മാസത്തോളമായി എന്റെ വീടിന് പുറത്തിറങ്ങിയിട്ട്. എനിക്കും എന്റെ കുടുംബത്തിനും മോശം സമയമാണിത്. ഞാൻ മാഴ്സെയിൽ എത്തിയ സമയത്ത് എനിക്ക് രണ്ട് മില്യൺ മെസ്സേജുകൾ ആയിരുന്നു വാട്സ്ആപ്പിൽ ഉണ്ടായിരുന്നത്. ഓരോ ദിവസവും ഞാൻ ഉണരുമ്പോൾ ഇരുപതിനായിരത്തോളം സന്ദേശങ്ങൾ ആണ് എനിക്ക് കാണേണ്ടി വരുന്നത് ” ഗോൺസാലസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *