ഒന്നുകിൽ ബാഴ്സ, അല്ലെങ്കിൽ സൗദി, അല്ലാതെ മെസ്സി പിഎസ്ജിയിൽ തുടരുമെന്ന് ആരും പ്രതീക്ഷിക്കേണ്ട :മുൻ ഫ്രഞ്ച് സൂപ്പർ താരം!
സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യുന്നത്. ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദിയിലേക്ക് സഞ്ചരിച്ചതിന് ലയണൽ മെസ്സിയെ പിഎസ്ജി വിലക്കിയിരുന്നു.എന്നാൽ ലയണൽ മെസ്സി പരസ്യമായി മാപ്പ് പറഞ്ഞതോടുകൂടി അദ്ദേഹത്തിന്റെ വിലക്ക് ക്ലബ്ബ് നീക്കുകയും ചെയ്തിരുന്നു.പിന്നീട് മെസ്സി ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തി. അടുത്ത മത്സരത്തിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്ഷേ ലയണൽ മെസ്സിയും പിഎസ്ജിയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് ആരും കരുതേണ്ടതില്ല എന്നാണ് മുൻ ഫ്രഞ്ച് സൂപ്പർ താരമായ സമീർ നസ്രി പറഞ്ഞിട്ടുള്ളത്. മെസ്സി ഈ സീസണിന് ശേഷം ക്ലബ്ബ് വിടുമെന്നും അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടിയോ അതല്ലെങ്കിൽ സൗദി അറേബ്യയിലോ മെസ്സി കളിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.നസ്രിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Samir Nasri est toujours aussi cashhttps://t.co/ULkbj6vFGD
— GOAL France 🇫🇷 (@GoalFrance) May 9, 2023
“പിഎസ്ജി ലയണൽ മെസ്സിക്ക് വിലക്ക് ഏർപ്പെടുത്തിയത് ഒരു വിഡ്ഢിത്തമായിരുന്നു. പക്ഷേ മെസ്സിക്ക് രണ്ട് ആഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിനു ശേഷം അഞ്ചുദിവസം കഴിഞ്ഞ് ആ വിലക്ക് പിൻവലിക്കുന്നതിൽ നിങ്ങൾ എന്ത് സന്ദേശമാണ് മറ്റുള്ളവർക്ക് നൽകുന്നത്?ഇപ്പോൾ അദ്ദേഹം ബാഴ്സലോണയിലേക്ക് തിരികെ പോയി അദ്ദേഹത്തിന്റെ മനോഹരമായ സ്റ്റോറി പൂർത്തിയാക്കാനാണ് സാധ്യത. അല്ലെങ്കിൽ സൗദി അറേബ്യയിൽ നിന്നും വന്നിട്ടുള്ള ഒരുപാട് പണമുള്ള ആ ഓഫർ അദ്ദേഹം സ്വീകരിക്കാനാണ് സാധ്യത. 400 മില്യൺ യൂറോയുടെ ഓഫറാണ് അതൊന്ന് ഓർമ്മവേണം. എന്തൊക്കെ സംഭവിച്ചാലും മെസ്സി പിഎസ്ജിയിൽ തുടർന്നേക്കില്ല ” ഇതാണ് സമീർ നസ്രി പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ക്ലബ് വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു എന്നത് നേരത്തെ തന്നെ എല്ലാവരും റിപ്പോർട്ട് ചെയ്ത കാര്യമാണ്. അതിന്റെ ദേഷ്യത്തിലാണ് മെസ്സിക്ക് ഈ വിലക്ക് ഏർപ്പെടുത്തിയതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഏതായാലും മെസ്സി അടുത്തതായി ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.