എന്നെ മാത്രം എന്റെ ക്ലബ്ബ് ആദരിച്ചില്ല: പിഎസ്ജിക്കെതിരെ ലയണൽ മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിലായിരുന്നു അർജന്റീന സ്വന്തമാക്കിയിരുന്നത്. നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. ലോക ചാമ്പ്യനായ അതിനുശേഷം ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തിയ എല്ലാ അർജന്റൈൻ താരങ്ങൾക്കും അവരവരുടെ ക്ലബ്ബുകളിൽ നിന്ന് ആദരങ്ങൾ ലഭിച്ചിരുന്നു. വലിയ വരവേൽപ്പ് തന്നെയായിരുന്നു തങ്ങളുടെ ലോക ചാമ്പ്യന്മാർക്ക് ആരാധകർ നൽകിയിരുന്നത്.

എന്നാൽ ലയണൽ മെസ്സിക്ക് പിഎസ്ജിയിൽ നിന്നും യഥാർത്ഥത്തിലുള്ള ഒരു ആദരവ് ലഭിച്ചിരുന്നില്ല. മറിച്ച് ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് മാത്രമാണ് മെസ്സിക്ക് ആദരവ് ലഭിച്ചത്. ഇതിനെതിരെ മെസ്സി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. എല്ലാവർക്കും ആദരവ് ലഭിച്ചപ്പോൾ തന്നെ മാത്രം ആദരിച്ചില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ പ്രതീക്ഷിച്ച രൂപത്തിൽ അല്ല പിഎസ്ജിയിൽ കാര്യങ്ങൾ മുന്നോട്ടു പോയത്. പക്ഷേ ഞാൻ എപ്പോഴും പറയുന്നുണ്ട് സംഭവിക്കുന്ന കാര്യങ്ങൾക്കെല്ലാം ഒരു കാരണമുണ്ടാകും. പാരീസിൽ നല്ല രീതിയിൽ പോയില്ലെങ്കിലും അതേസമയത്ത് തന്നെയാണ് ഞാൻ അർജന്റീനക്കൊപ്പം ലോക ചാമ്പ്യനായത്.അതാണ് ഞാൻ പറഞ്ഞത് എല്ലാത്തിനും പുറകിൽ ഒരു കാരണമുണ്ട് എന്നത്.അർജന്റീനയുടെ ബാക്കിയുള്ള 25 താരങ്ങൾക്കും അവരുടെ ക്ലബ്ബുകളിൽ നിന്ന് ആദരവ് ലഭിച്ചിരുന്നു.എനിക്ക് മാത്രം ലഭിച്ചില്ല. പക്ഷേ അക്കാര്യത്തിൽ ഞാൻ ഓക്കെയാണ് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞത്.

ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ലോക ചാമ്പ്യന്മാരായത്. അതുകൊണ്ടുതന്നെ ആരാധകരുടെ റിയാക്ഷൻ ഭയന്നു കൊണ്ടാണ് പിഎസ്ജി മെസ്സിയെ ആദരിക്കേണ്ട എന്ന് തീരുമാനിച്ചത്. വേൾഡ് ചാമ്പ്യനായതിനുശേഷം പലപ്പോഴും പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *