എന്നിൽ എന്താണ് അവശേഷിക്കുന്നതെന്ന് കാണിച്ചു കൊടുക്കണം : റാമോസ്
വലിയ പ്രതീക്ഷകളോട് കൂടിയായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സെർജിയോ റാമോസിനെ സൈൻ ചെയ്തിരുന്നത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലായിരുന്നില്ല കാര്യങ്ങൾ മുന്നോട്ടു പോയത്.പരിക്ക് മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചത്.പിഎസ്ജിയുടെ മോശം പ്രകടനത്തിൽ രോഷാകുലരായ ആരാധകർ റാമോസിനെതിരെയും പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
ഏതായാലും തനിക്ക് തിളങ്ങാനാകുമെന്നുള്ള ആത്മവിശ്വാസം സെർജിയോ റാമോസ് ഒരിക്കൽ കൂടി പ്രകടിപ്പിച്ചിട്ടുണ്ട്. തന്നിൽ എന്താണ് അവശേഷിക്കുന്നതെന്ന് തെളിയിക്കണമെന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ ഒഫീഷ്യൽ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റാമോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 27, 2022
” തുടക്കത്തിൽ ഇവിടെ അഡാപ്റ്റാവാൻ വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ഒരുപാട് വർഷം ഒരു ക്ലബ്ബിൽ ചെലവഴിച്ചതിനു ശേഷമാണ് ഞാനിവിടെ എത്തിയത്.അവിടെ എല്ലാം നിയന്ത്രണത്തിലായിരുന്നു.പാരീസ് പോലെയുള്ള ഒരു നഗരത്തിൽ അഡാപ്റ്റാവുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.വീട് കണ്ടെത്താൻ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ടീമുമായി വേഗത്തിൽ ഇണങ്ങിച്ചേരാൻ എനിക്ക് കഴിഞ്ഞു. കാരണം മുമ്പ് ഞാൻ കളിച്ചിട്ടുള്ള ചില താരങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇനി എന്നിൽ എന്താണ് അവശേഷിക്കുന്നത് എന്ന് തെളിയിക്കാനുള്ള ഒരു സമയമാണിത് ” ഇതാണ് റാമോസ് പറഞ്ഞിട്ടുള്ളത്.
പിഎസ്ജിക്ക് വേണ്ടി ആകെ 10 മത്സരങ്ങളിൽ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ടു ഗോളുകൾ താരം നേടിയിട്ടുണ്ട്.