എനിക്കപ്പഴേ തോന്നിയിരുന്നു: നെയ്മറും എംബപ്പേയും ഉണ്ടായിട്ടും PSG UCL നേടാത്തതിനെക്കുറിച്ച് ബുഫൺ

2017ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ എത്തിയത്. ആ സീസണിൽ തന്നെയാണ് എംബപ്പേയെ പിഎസ്ജി സ്വന്തമാക്കിയിരുന്നതും. കൂടാതെ നിരവധി സൂപ്പർതാരങ്ങൾ ആ സമയത്ത് പിഎസ്ജിയുടെ ഭാഗമായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നായിരുന്നു അപ്പോൾ പിഎസ്ജി.ചാമ്പ്യൻസ് ലീഗ് കിരീട സാധ്യതകൾ അവർക്ക് വളരെയധികം കൽപ്പിക്കപ്പെട്ടിരുന്നു.

പക്ഷേ UCL കിരീടം നേടാൻ ഒരുതവണ പോലും പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പറായ ബുഫൺ ചുരുങ്ങിയ കാലം പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നു.നനെയ്മർ,എംബപ്പേ തുടങ്ങിയ വമ്പൻ താരനിര ഉണ്ടായിട്ടും എന്തുകൊണ്ട് പിഎസ്ജി ചാമ്പ്യൻസ് ലീഗ് നേടിയില്ല എന്നതിന്റെ ഉത്തരം അദ്ദേഹം നൽകിയിട്ടുണ്ട്. വലിയ താരങ്ങളായതിനാൽ തന്നെ ഡ്രസ്സിംഗ് റൂം വളരെയധികം സങ്കീർണമായിരുന്നു എന്നാണ് ബുഫൺ ഇതേക്കുറിച്ച് മറുപടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് മികച്ച താരങ്ങൾ ഉണ്ടായിരുന്ന യുവന്റസിൽ നിന്നായിരുന്നു ഞാൻ പിഎസ്ജിയിൽ എത്തിയിരുന്നത്.പിഎസ്ജിയിലെ താരസമ്പന്നത എന്ന അമ്പരപ്പിച്ചു. ഈ താരങ്ങൾ എല്ലാവരും യുവന്റസിൽ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്നായിരുന്നു ഞാൻ അപ്പോൾ കരുതിയിരുന്നത്.പക്ഷേ അവിടെ ഒരുപാട് പ്രശ്നങ്ങളായിരുന്നു.എംബപ്പേ,നെയ്മർ,വെറാറ്റി,സിൽവ,മാർക്കിഞ്ഞോസ് എന്നിവരൊക്കെ അസാമാന്യ താരങ്ങളായിരുന്നു.എന്നിട്ടും അവർ ചാമ്പ്യൻസ് ലീഗ് എന്തുകൊണ്ട് നേടിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അത് അസാധ്യമാണെന്ന്. എന്തെന്നാൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടാകുമ്പോൾ സാഹചര്യങ്ങൾ സങ്കീർണമാകും. ഡ്രസിങ് റൂം ഒരിക്കലും നല്ല രീതിയിൽ ആയിരുന്നില്ല ” ഇതാണ് ബുഫൺ പറഞ്ഞിട്ടുള്ളത്.

അതിനുശേഷം ലയണൽ മെസ്സിയും സെർജിയോ റാമോസുമൊക്കെ പിഎസ്ജിയിലേക്ക് വന്നിരുന്നു.എന്നിട്ടും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മെസ്സിയും നെയ്മറും റാമോസുമൊക്കെ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. വരുന്ന സമ്മറിൽ എംബപ്പേ കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *