എംബപ്പേ റയലിൽ പോയത് എന്തൊരു കഷ്ടമാണ്: എൻറിക്കെ
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേ ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിട്ടത്.റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ അദ്ദേഹം മികച്ച പ്രകടനം അവിടെ പുറത്തെടുക്കുന്നുണ്ട്.റയലിന് വേണ്ടി ആകെ 7 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ താരം ഒരു ഗോൾ സ്വന്തമാക്കിയിരുന്നു.
എംബപ്പേ ക്ലബ്ബ് വിട്ടത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അത് തന്നെയാണ് അവരുടെ പരിശീലകനായ എൻറിക്കെ പറഞ്ഞിട്ടുള്ളത്.എംബപ്പേ റയലിൽ പോയത് എന്തൊരു കഷ്ടമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ റയൽ മാഡ്രിഡിലും തിളങ്ങാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും എൻറിക്കെ പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കിലിയൻ എംബപ്പേ ഒരു വണ്ടർഫുൾ താരമാണ്. കൂടാതെ ഒരു മികച്ച വ്യക്തിയുമാണ്.ഇത്തരത്തിലുള്ള താരങ്ങളെ നമുക്ക് അപൂർവമായി മാത്രമാണ് കാണാൻ സാധിക്കുക. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോയി എന്നത് കഷ്ടമാണ്.പ്രത്യേകിച്ച് ഈ സമയത്ത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.പക്ഷേ ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്. അദ്ദേഹത്തിന് എല്ലാം നല്ല രൂപത്തിൽ നടക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹം ക്ലബ്ബ് വിട്ടതിൽ എനിക്ക് ഒന്നുമില്ല. അദ്ദേഹത്തിന്റെ വിടവ് നികത്താനും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണ് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എംബപ്പേയുടെ അഭാവത്തിലും മികച്ച പ്രകടനം തുടരാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്.ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജി തന്നെയാണ്.അതേസമയം എംബപ്പേ ചെറിയ പരക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നത് ഇപ്പോഴും സംശയകരമാണ്