എംബപ്പേ-മെസ്സി കൂട്ടികെട്ടിനെ എങ്ങനെ തടയും? വ്യക്തമാക്കി മൊണാക്കോ പരിശീലകൻ!

ലീഗ് വണ്ണിലെ പതിനെട്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ന് പിഎസ്ജി കളത്തിലിറങ്ങുന്നുണ്ട്. മൊണാക്കോയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം അരങ്ങേറുക.

പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. മെസ്സി പിഎസ്ജിക്കായി 9 ഗോൾപങ്കാളിത്തം വഹിച്ചു കഴിഞ്ഞു.എംബപ്പേയാവട്ടെ 7 ഗോളുകളും 8 അസിസ്റ്റുകളും ലീഗ് വണ്ണിൽ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും എംബപ്പേ-മെസ്സി സഖ്യത്തെ എങ്ങനെ തടയുമെന്നതിനെ കുറിച്ച് മൊണാക്കോയുടെ പരിശീലകനായ കൊവാക് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരെ തടയാൻ വ്യക്തികളെ നിയോഗിക്കില്ലെന്നും മറിച്ച് ടീം ഒന്നടങ്കം തടയാൻ ശ്രമിക്കുമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവാക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വ്യത്യസ്തമായ ശൈലികളുള്ള വേൾഡ് ക്ലാസ്സ് താരങ്ങളാണ് എംബപ്പേയും മെസ്സിയും.ബോൾ കാലിലുണ്ടെങ്കിൽ അസാമാന്യമായ പ്രകടനം നടത്തുന്ന താരമാണ് ലയണൽ മെസ്സി.എംബപ്പേയാവട്ടെ തന്റെ വേഗതയും പവറും കൂടുതൽ ഉപയോഗിക്കുന്ന താരമാണ്.എംബപ്പേ തടയാൻ ശരിയായ ഡിഫന്റിങ് ഞങ്ങൾ നടത്തേണ്ടിയിരിക്കുന്നു. പക്ഷേ ഇരുവർക്കുമെതിരെ മികച്ച രീതിയിൽ ഡിഫൻഡ് ചെയ്യണമെങ്കിൽ, ടീം ഒന്നടങ്കം ഡിഫന്റ് ചെയ്യേണ്ടി വരും.ഈ രണ്ട് താരങ്ങളെ തടയാൻ വ്യക്തികൾക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല.മികച്ച റിസൾട്ട്‌ വേണമെങ്കിൽ ടീമിലെ എല്ലാവരും ശ്രമിക്കേണ്ടി വരും ” കൊവാക്ക് പറഞ്ഞു.

നിലവിലെ ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി.എന്നാൽ മൊണാക്കോ എട്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *