എംബപ്പേ കരാർ പുതുക്കുമോ? പോച്ചെട്ടിനോക്ക് പറയാനുള്ളത് ഇങ്ങനെ!
ഈ സീസണോട് കൂടിയാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. ഈ മാസം മുതൽ മറ്റേത് ക്ലബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുള്ള അവസരം കൂടി എംബപ്പേക്ക് മുന്നിലുണ്ട്. അത്കൊണ്ട് തന്നെ പിഎസ്ജിക്ക് നെഞ്ചിടിപ്പേറുന്ന നിമിഷങ്ങളാണിത്.താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നു കൊണ്ടിരിക്കുകയാണ്.
ഏതായാലും എംബപ്പേയുടെ കരാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പങ്കുവെച്ചിട്ടുണ്ട്.എംബപ്പേയുടെ കരാർ ഒരു പ്രശ്നമായി തങ്ങൾ കണക്കാക്കുന്നില്ലെന്നും അദ്ദേഹം വർഷങ്ങളോളം പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 3, 2022
” നിങ്ങൾക്ക് കോൺട്രാക്ട് സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത ഇല്ലെങ്കിലാണ് അത് നിങ്ങളെ ബാധിക്കുക. പക്ഷേ കിലിയൻ എംബപ്പേ വളരെയധികം പക്വതയുള്ള താരമാണ്.ഈ സാഹചര്യത്തെ കുറിച്ച് ക്ലബ്ബിന് നന്നായി അറിയാം. ഇതൊരു പ്രശ്നമാണെന്ന് ഞങ്ങൾ കരുതുന്നില്ല.എംബപ്പേ വർഷങ്ങളോളം ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.ഇപ്പോൾ പുറത്തെടുക്കുന്ന പ്രകടനവും അദ്ദേഹം തുടരുമെന്നുള്ള കാര്യത്തിൽ സംശയമില്ല ” പോച്ചെട്ടിനോ പറഞ്ഞു.
നിലവിൽ മികച്ച ഫോമിലാണ് എംബപ്പെ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരം എംബപ്പേയാണ്.