എംബപ്പേയെ സ്വന്തമാക്കാൻ ലിവർപൂൾ,കടുത്ത ഭീഷണിയെന്ന് മനസ്സിലാക്കി പിഎസ്ജി!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അവസാനിക്കുക. ഈ കരാർ അദ്ദേഹം പുതുക്കിയിട്ടില്ല. പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല. തന്റെ ഭാവിയെ കുറിച്ചുള്ള ഒരു തീരുമാനം ഇതുവരെ കിലിയൻ എംബപ്പേ എടുത്തിട്ടില്ല.
ഈ ജനുവരി ഒന്നാം തീയതി മുതൽ മറ്റേത് ക്ലബ്ബുമായി ചർച്ചകൾ നടത്താനും അവരോട് പ്രീ എഗ്രിമെന്റിൽ എത്താനും എംബപ്പേക്ക് അധികാരമുണ്ട്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഏറെക്കാലമായി ഈ താരത്തെ സ്വപ്നം കാണുന്നവരാണ്. വലിയ ഒരു തുക തന്നെ അദ്ദേഹത്തിന് റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിനും ഈ സൂപ്പർതാരത്തിൽ താല്പര്യമുണ്ട് എന്നത് മാത്രമല്ല ഈ സമ്മറിൽ ലിവർപൂൾ റയൽ മാഡ്രിഡിന് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.ലെ പാരീസിയന്റെ ജേണലിസ്റ്റായ ലോയ്ച്ച് ടാൻസിയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🇫🇷 Real Madrid are in the race for Kylian Mbappé, but Liverpool are also a SERIOUS candidate. @le_Parisien #rmalive pic.twitter.com/Q7hhWjTKH4
— Madrid Zone (@theMadridZone) January 1, 2024
“എംബപ്പേ മൊണാക്കോയിൽ കളിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചവരാണ് ലിവർപൂൾ. ഒരു വിമാനയാത്രയ്ക്കിടെ ക്ലോപും എംബപ്പേയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒക്കെ നടത്തിയിട്ടുണ്ട്.ക്ലോപും എംബപ്പേയും തമ്മിലുള്ള ബന്ധം ദൃഢമാണ്. അത് ഉപകാരപ്രദമാകും എന്ന് ലിവർപൂൾ പ്രതീക്ഷിക്കുന്നു. അവർക്ക് അവിടെ അവസരങ്ങൾ അവശേഷിക്കുന്നുണ്ട് ” ഇതാണ് ടാൻസി പറഞ്ഞിട്ടുള്ളത്.
പിഎസ്ജിയുമായുള്ള കോൺട്രാക്ട് പുതുക്കുന്നതിന്റെ യാതൊരുവിധ ലക്ഷണങ്ങളും ഇതുവരെ കിലിയൻ എംബപ്പേ കാണിച്ചിട്ടില്ല. പക്ഷേ തികച്ചും അപ്രവചനീയമാണ് കാര്യങ്ങൾ.താരത്തിനു വേണ്ടി അവസാനമായി ഒരു ശ്രമം നടത്താനാണ് റയൽ മാഡ്രിഡ് ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്. ഈ സമ്മറിൽ അദ്ദേഹത്തെ ലഭിച്ചില്ലെങ്കിൽ പിന്നീട് താരത്തെ ഉപേക്ഷിക്കാൻ ആണ് റയൽ മാഡ്രിഡിന്റെ പദ്ധതികൾ.അതേസമയം എംബപ്പേക്ക് വേണ്ടി ലിവർപൂൾ ശ്രമങ്ങൾ നടത്തുന്നത് തങ്ങൾക്ക് കടുത്ത ഭീഷണിയാകുമെന്ന് പിഎസ്ജി മനസ്സിലാക്കിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.