എംബപ്പേയുടെ പകരക്കാരൻ അർജന്റൈൻ സൂപ്പർ താരം, ശ്രമങ്ങൾ ആരംഭിച്ച് PSG
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് അവരുടെ ക്യാപ്റ്റനായ കിലിയൻ എംബപ്പേയെ നഷ്ടമായത്. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ചേക്കേറിയിരിക്കുന്നത്.താരത്തിന്റെ പോക്ക് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി എംബപ്പേയുടെ ഗോളടി മികവാണ് അവരെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ താരത്തിനൊത്ത ഒരു പകരക്കാരനെ പിഎസ്ജിക്ക് ഇപ്പോൾ ആവശ്യമുണ്ട്.ഒരുപാട് പേരുകൾ ആ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.റഫയേൽ ലിയാവോ,ഒസിമെൻ എന്നിവരുടെ പേരുകൾ ഒക്കെ ഉയർന്നു കേട്ടിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ഇപ്പോഴിതാ അർജന്റീന സൂപ്പർ താരമായ ഹൂലിയൻ ആൽ വരസിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. കോട്ട് ഓഫ്സൈഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താരത്തിന്റെ ക്യാമ്പുമായി പിഎസ്ജി കോൺടാക്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയും പരിശീലകനായ പെപ് ഗാർഡിയോളയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്.ആൽവരസിനെ നിലനിർത്തണമെന്ന് തന്നെയാണ് പരിശീലകന്റെ നിലപാട്. ഒരു കാരണവശാലും അദ്ദേഹത്തെ വിൽക്കരുതെന്ന് പരിശീലകൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സിറ്റി നിലവിൽ താരത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.
പക്ഷേ ആൽവരസിന്റെ നിലപാട് എന്താണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.ഹാലന്റ് ഉള്ളതുകൊണ്ടുതന്നെ താരത്തിന് സ്ഥിരമായി സ്റ്റാർട്ടിങ് 11ൽ ഇടം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം അസംതൃപ്തനാണ് എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.ആൽവരസിന് വേണ്ടി വലിയ തുക മുടക്കാൻ പിഎസ്ജി തയ്യാറായേക്കും. എന്നാൽ സിറ്റി നിലപാട് മയപ്പെടുത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പം കോപ്പ അമേരിക്കയിലാണ് ആൽവരസുള്ളത്.