എംബപ്പേയുടെ അഹങ്കാരത്തിൽ നെയ്മർക്ക് അതൃപ്തി,എംബപ്പേയെ ചൊടിപ്പിക്കുന്നത് നെയ്മറുടെ അച്ചടക്കമില്ലായ്മ,പിഎസ്ജിയിൽ പ്രശ്നങ്ങൾ രൂക്ഷം!

ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പിഎസ്ജിക്ക് വലിയ തലവേദന സൃഷ്ടിച്ചത് നെയ്മറും എംബപ്പേയും തമ്മിലുള്ള അധികാര തർക്കമാണ്. പെനാൽറ്റി എടുക്കുന്ന കാര്യത്തിലായിരുന്നു ആദ്യം ഇരുവരും തർക്കിച്ചത്.പിന്നീട് പിഎസ്ജി അതിനൊരു പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴും നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് കഴിഞ്ഞ സീസണുകളിലെ നെയ്മറുടെ അച്ചടക്കമില്ലായ്മ കിലിയൻ എംബപ്പേയെ വളരെയധികം ചൊടിപ്പിച്ചിരുന്നു.നെയ്മറെ ഒഴിവാക്കണമെന്ന് തന്നെയായിരുന്നു എംബപ്പേയുടെ ആഗ്രഹം.പിഎസ്ജിക്ക് അത് സാധിക്കാത്തതിൽ എംബപ്പേക്ക് ക്ലബ്ബിനോട് കടുത്ത അതൃപ്തിയുണ്ട്.

എന്നാൽ നെയ്മറെ ദേഷ്യം പിടിപ്പിക്കുന്നത് എംബപ്പേയുടെ ഇപ്പോഴത്തെ സ്വഭാവമാണ്.കരാർ പുതുക്കിയതിനുശേഷം എംബപ്പേയുടെ അഹങ്കാരം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് നെയ്മർക്ക് അനുഭവപ്പെടുന്നത്. മാത്രമല്ല താരത്തിന്റെ സെൽഫിഷ് സ്വഭാവത്തിലും നെയ്മർക്ക് കടുത്ത എതിർപ്പുണ്ട്. നായകനായ മാർക്കിഞ്ഞോസ്, സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,സെർജിയോ റാമോസ് എന്നിവരൊക്കെയാണ് ഈ പ്രശ്നത്തിൽ ഇപ്പോൾ മധ്യസ്ഥത വഹിക്കുന്നത്.

ഇരുവരും തമ്മിലുള്ള പ്രശ്നം പരസ്യമായി തന്നെ പുറത്തു വന്നിട്ടുണ്ട്. താനും നെയ്മറും തമ്മിലുള്ള ബന്ധം ചൂടും തണുപ്പും പോലെയാണ് എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. അതേസമയം എംബപ്പേയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ പോലും തയ്യാറാവാത്ത നെയ്മറെയായിരുന്നു നമുക്ക് കാണാൻ സാധിച്ചിരുന്നത്. ചുരുക്കത്തിൽ ഇപ്പോഴും ക്ലബ്ബിൽ പ്രശ്നങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *