എംബപ്പേയും ഇകാർഡിയും ക്ലബ് വിടുമോ? പോച്ചെട്ടിനോ പറയുന്നു!

ലയണൽ മെസ്സി പിഎസ്ജിയിൽ എത്തിയതോട് കൂടി ക്ലബ്ബിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി മാറാൻ മെസ്സിക്ക് സാധിച്ചിരുന്നു. എന്നാൽ മെസ്സിയുടെ വരവോട് കൂടി സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേയും മൗറോ ഇകാർഡിയും ക്ലബ് വിടുമെന്നുള്ള റൂമറുകൾ പരന്നിരുന്നു. എംബപ്പേയെ സ്വന്തമാക്കാൻ റയലാണ് ശ്രമിക്കുന്നതെങ്കിൽ മൗറോ ഇകാർഡിക്ക്‌ വേണ്ടി സിരി എ ക്ലബുകൾ രംഗത്ത് വന്നിരുന്നു. വെയ്ജ് ബില്ലും എഫ്എഫ്പി നിയമങ്ങളും പിഎസ്ജിക്ക്‌ ചെറിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. അത്കൊണ്ട് തന്നെ ഇരുവരെയും കൈവിടാൻ പിഎസ്ജി ആലോചിക്കുന്നുണ്ട് എന്നായിരുന്നു റൂമറുകൾ. എന്നാൽ ഇവയെ നിരാകരിച്ചു കൊണ്ട് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ രംഗത്ത് വന്നിട്ടുണ്ട്. ഇരുവരും പിഎസ്ജിയിൽ തുടരാൻ തന്നെയാണ് സാധ്യത എന്നാണ് പോച്ചെട്ടിനോ പറഞ്ഞു വെക്കുന്നത്.ലീഗ് വണ്ണിലെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ആദ്യമായി, ക്ലബ്ബിന്റെ പ്രസിഡന്റ്‌ പറഞ്ഞതിനും മേലേ എനിക്കൊന്നും പറയാനില്ല. കാരണം പ്രസിഡന്റാണ് ഇവിടെ സൂപ്പർവൈസർ.എംബപ്പേയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. അദ്ദേഹമിപ്പോൾ പിഎസ്ജി താരമാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.ഇനി ഇകാർഡിയുടെ കാര്യത്തിലേക്ക് വന്നാൽ, അദ്ദേഹവും മറ്റുള്ള താരങ്ങളെ പോലെ തന്നെ ഞങ്ങളുടെ സ്‌ക്വാഡിന്റെ ഭാഗമാണ്.നമുക്കറിയാം ഫുട്ബോളിൽ പല കാര്യങ്ങളും സംഭവിച്ചേക്കാം. പക്ഷേ ഇകാർഡി ഇപ്പോൾ പിഎസ്ജി താരമാണ്. അതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്ല ” ഇതാണ് പോച്ചെട്ടിനോ അറിയിച്ചത്.

ഏതായാലും മെസ്സി-നെയ്മർ-എംബപ്പേ എന്നീ ത്രയമായിരിക്കും ഈ സീസണിൽ പിഎസ്ജിയുടെ മുന്നേറ്റനിരയിൽ അണിനിരക്കുക. ലീഗ് വണ്ണിലെ ഡിഫൻഡർമാരെ കാത്തിരിക്കുന്നത് ഈ മൂന്ന് പേരെയും ഒരുമിച്ച് പിടിച്ചുകെട്ടുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *