ഈ സീസണിൽ പിഎസ്ജിയിൽ തിളങ്ങിയത് ആരൊക്കെ? അഞ്ച് പേരുടെ ലിസ്റ്റ് ഇതാ!

ഒരുപിടി സൂപ്പർ താരങ്ങളാൽ സമ്പുഷ്ടമാണ് ഇപ്പോഴത്തെ പിഎസ്ജി ടീം. മെസ്സിയും നെയ്മറും എംബപ്പേയും റാമോസുമൊക്കെ പിഎസ്ജിക്ക് വേണ്ടി ഇപ്പോൾ ഒരുമിച്ചാണ് കളിക്കുന്നത്. എന്നാൽ പിഎസ്ജിക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. എന്നിരുന്നാലും ലീഗ് വണ്ണിൽ ഒന്നാമതുള്ള പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലുമുണ്ട്.

ഏതായാലും ഈ സീസണിന്റെ പകുതിയിപ്പോൾ പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ സ്‌പോർട്സ്കീഡ പുറത്ത് വിട്ടിട്ടുണ്ട്. റാങ്ക് അടിസ്ഥാനത്തിൽ നമുക്കത് ഒന്ന് പരിശോധിക്കാം.

1- കിലിയൻ എംബപ്പേ

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് എംബപ്പേ നടത്തുന്നത്. ആകെ ലീഗ് വണ്ണിൽ 17 മത്സരങ്ങളാണ് എംബപ്പേ കളിച്ചത്. ഇതിൽ നിന്ന് 9 ഗോളുകളും 8 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലും സ്ഥിതി വ്യത്യസ്ഥമല്ല,6 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം എംബപ്പേയാണ് എന്നുള്ളത് നിസ്സംശയം പറയാൻ കഴിയും.

2-മാർക്കിഞ്ഞോസ്

പിഎസ്ജിയുടെ ക്യാപ്റ്റനും ഡിഫന്ററുമായ മാർക്കിഞ്ഞോസാണ് രണ്ടാമത്. ആകെ കളിച്ച 20 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും 1 അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.ശരാശരി ഓരോ മത്സരത്തിലും 5 ക്ലിയറൻസുകൾ താരം നടത്താറുണ്ട്.അവസാനത്തെ 18 മത്സരങ്ങളിൽ നിന്ന് കേവലമൊരു യെല്ലോ കാർഡ് മാത്രമാണ് മാർക്കിഞ്ഞോസ് വഴങ്ങിയിട്ടുള്ളത്.

3- നെയ്മർ

നിലവിൽ പരിക്കിന്റെ പിടിയിൽ ആണെങ്കിലും മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ നെയ്മർ കളിച്ചിട്ടുണ്ട്.ലീഗ് വണ്ണിൽ നെയ്മർ കളിച്ച 10 മത്സരങ്ങളിൽനിന്ന് 3 ഗോളുകളും 3 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.

4-അഷ്‌റഫ്‌ ഹക്കീമി

ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ ഹക്കീമി മികച്ച രൂപത്തിൽ തന്നെയാണ് ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്.18 മത്സരങ്ങളാണ് താരം ലീഗ് വണ്ണിൽ കളിച്ചത്.3 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഹക്കീമി ടീമിന് സഹായകരമാകുന്നു.

5- ലയണൽ മെസ്സി

ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ മെസ്സി തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും മോശമല്ലാത്ത രൂപത്തിൽ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്.11 ലീഗ് വൺ മത്സരങ്ങളിൽ നിന്ന് 1 ഗോളും 4 അസിസ്റ്റും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഇതിലും മികച്ച പ്രകടനമാണ് ആരാധകർ മെസ്സിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ഇതാണ് സ്പോർട്സ് കീഡയുടെ മികച്ച അഞ്ചു താരങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *