ഇപ്പോൾ ഞങ്ങൾക്ക് ഒരു പുതിയ സ്റ്റാറുണ്ട്: തുറന്ന് പറഞ്ഞ് എൻറിക്കെ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ജിറോണയെ പരാജയപ്പെടുത്തിയത്.ജിറോണ ഗോൾകീപ്പറുടെ സെൽഫ് ഗോളാണ് അവർക്ക് തുണയായത്. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പിഎസ്ജി നടത്തിയെങ്കിലും ഫിനിഷിംഗിലെ അപാകതകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു.
ഒരുകാലത്ത് നിരവധി സൂപ്പർ സ്റ്റാറുകൾ ഉണ്ടായ ക്ലബ്ബ് ആയിരുന്നു പിഎസ്ജി. മെസ്സിയും നെയ്മറും എംബപ്പേയും റാമോസുമെല്ലാം പിഎസ്ജിയുടെ ഭാഗമായിരുന്നു.എന്നാൽ ഇവർ എല്ലാവരും തന്നെ ഇപ്പോൾ ക്ലബ്ബ് വിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ എംബപ്പേയാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെ ടീമിലെ സ്റ്റാർ ഇപ്പോൾ ആരാണ് എന്ന് എൻറിക്കെയോട് ചോദിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ പുതിയ സ്റ്റാർ അത് ടീം തന്നെയാണ് എന്നാണ് എൻറിക്കെ മറുപടി നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾക്ക് ഇപ്പോൾ പുതിയ ഒരു സ്റ്റാർ ഉണ്ട്. അത് ഏറ്റവും മികച്ച രൂപത്തിൽ വെട്ടിത്തിളങ്ങുന്നുമുണ്ട്.ആ സ്റ്റാർ ടീമാണ്.അത് വളരെ മനോഹരമായ ഒന്നാണ്. എന്റെ താരങ്ങളിൽ ഇത് ഇഞ്ചക്ട് ചെയ്യാനാണ് ഞാൻ ശ്രമിക്കാറുള്ളത്. നിങ്ങൾക്ക് അത് കളിക്കളത്തിൽ കാണാൻ കഴിയും.ഒരു ടീം എന്ന നിലയിലാണ് ഞങ്ങൾ കളിക്കുന്നത്. അതെ മനോഹരമായ ഒരു കാര്യം തന്നെയാണ് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ പിഎസ്ജി പുറത്തെടുക്കുന്നത്.ഫ്രഞ്ച് ലീഗിൽ കളിച്ച നാലു മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 16 ഗോളുകളാണ് ഈ നാലു മത്സരങ്ങളിൽ നിന്ന് പിഎസ്ജി നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ റെയിംസാണ് പിഎസ്ജിയുടെ എതിരാളികൾ.