ഇപ്പോഴും എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് : ബെൻഫിക്ക കോച്ച്!

സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ആകെ 20 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പരുക്ക് മൂലം മെസ്സിക്ക് ഇപ്പോൾ കളത്തിന് പുറത്താണ്. അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മെസ്സി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെൻഫിക്കക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം മെസ്സിക്ക് നഷ്ടമാവും. ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബെൻഫിക പരിശീലകനായ റോജർ ഷിമിറ്റ് മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അതായത് തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് ബെൻഫിക്ക പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ റോയ് നെമർ ട്വീറ്റ്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ലയണൽ മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കാത്തത് കൊണ്ട് ഒരു പക്ഷേ പിഎസ്ജിയുടെ കളിയോടുള്ള സമീപനം മറ്റൊരു രീതിയിലായിരിക്കും. വളരെയധികം പ്രത്യേകതയുള്ള ഒരു താരത്തെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. സഹതാരങ്ങളുമായി വളരെയധികം കണക്ട് ആവുന്ന താരമാണ് മെസ്സി.മാത്രമല്ല ലാസ്റ്റ് തേർഡിൽ ഒരുപാട് ഗോളവസരങ്ങൾ ഒരുക്കാനും മെസ്സിക്ക് സാധിക്കാറുണ്ട് ” ഇതാണ് ബെൻഫിക പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ തവണ ബെൻഫിക്കയെ നേരിട്ടപ്പോൾ ഒരു മനോഹരമായ ഗോൾ മെസ്സി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *