ഇനി ആരാധകരെ സഹിക്കാനാവില്ല,പിഎസ്ജി വിടുകയാണ് :നെയ്മർ പ്രതിനിധികളോട്.
പലപ്പോഴും പിഎസ്ജി ആരാധകരുടെ വേട്ടയാടലുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയാവേണ്ടി വന്നിട്ടുള്ള സൂപ്പർതാരമാണ് നെയ്മർ ജൂനിയർ.ഈ സീസണിൽ പലപ്പോഴും നെയ്മർക്ക് ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ദിവസങ്ങൾക്കു മുന്നേ നെയ്മർ ജൂനിയറുടെ വീടിന് മുന്നിൽ പോലും പിഎസ്ജി ആരാധകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ക്ലബ്ബ് വിട്ട് പുറത്തു പോകാൻ നെയ്മറോട് ആരാധകർ പരസ്യമായി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ സീസണിൽ തന്നെ നെയ്മർ ജൂനിയറെ ഒഴിവാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നു. എന്നാൽ നെയ്മർ ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നില്ല.പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുക എന്നുള്ളതായിരുന്നു നെയ്മറുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അതുകൊണ്ടുതന്നെ ആരാധകരുടെ ഈ പെരുമാറ്റങ്ങൾ സഹിച്ച് ക്ലബ്ബിൽ തുടരാനായിരുന്നു ഇതുവരെ നെയ്മർ തീരുമാനിച്ചിരുന്നത്.എന്നാൽ ആ തീരുമാനം നെയ്മർ ജൂനിയർ ഇപ്പോൾ മാറ്റിയിട്ടുണ്ട്. വരുന്ന സമ്മറിൽ പിഎസ്ജി വിടാനുള്ള ഒരു തീരുമാനമാണ് നെയ്മർ ഇപ്പോൾ എടുത്തിട്ടുള്ളത്.
🚨 | Neymar's representatives have given PSG the green light to look for an exit door for the Brazilian, who is finally open to leaving after protests outside his house – the situation. (LP) https://t.co/Fzo8sJLUEI
— Get French Football News (@GFFN) May 14, 2023
പിഎസ്ജി വിടാൻ താൻ തീരുമാനിച്ചു കഴിഞ്ഞു എന്നുള്ള കാര്യം തന്റെ പ്രതിനിധികളോട് അറിയിച്ചിട്ടുണ്ട്.ഇനി പിഎസ്ജിയുടെ ജേഴ്‌സി അണിയുന്നതിൽ അർത്ഥമില്ല എന്നാണ് നെയ്മർ വിശ്വസിക്കുന്നത്. തനിക്ക് വേണ്ടി ലഭിക്കുന്ന എല്ലാ ഓഫറുകളും ഗൗരവമായി തന്നെ പരിഗണിക്കാൻ നെയ്മർ ജൂനിയർ ഇപ്പോൾ തീരുമാനമെടുത്തു കഴിഞ്ഞു. 2027 വരെയാണ് നെയ്മർക്ക് പിഎസ്ജിയിൽ കോൺട്രാക്ട് അവശേഷിക്കുന്നത്. നെയ്മറെ കൈവിടാൻ ഇപ്പോൾ പിഎസ്ജിയും ഒരുക്കമാണ്.
നെയ്മറുടെ വലിയ സാലറി താങ്ങാൻ കഴിവുള്ള ചുരുക്കം ക്ലബ്ബുകൾ മാത്രമാണ് ഫുട്ബോൾ ലോകത്തുള്ളൂ. ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നീ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് നെയ്മറിൽ ഇപ്പോൾ താല്പര്യമുണ്ട്.പക്ഷേ അവർ ഇതുവരെ നെയ്മർക്ക് ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ അത് നെയ്മർ ജൂനിയർ പരിഗണിച്ചേക്കും.നെയ്മർ ജൂനിയറെ ലോൺ അടിസ്ഥാനത്തിൽ പോലും കൈവിടാൻ പിഎസ്ജി തയ്യാറാണ് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.