ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ സാധ്യമായിട്ടില്ല : മെസ്സിയുടെ വരവ് ലാഭകരമെന്ന് സ്ഥിരീകരിച്ച് ഖലീഫി!
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്.എന്നാൽ മെസ്സിയിൽ നിന്നും പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള ഒരു പ്രകടനം കഴിഞ്ഞ സീസണിൽ ലഭിച്ചിരുന്നില്ല.പക്ഷെ കളത്തിന് പുറത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.
ഇക്കാര്യമിപ്പോൾ പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ സീസണിൽ 700 മില്യൺ യുറോയോളം വരുമാനം ഉണ്ടാക്കാൻ പിഎസ്ജിക്ക് സാധിച്ചു എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്.പിഎസ്ജിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വരുമാനം ഒരു സീസണിൽ നേടാൻ കഴിയുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഈയിടെ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് പിഎസ്ജിയുടെ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#LoMásLeído 🤑🤑💰 Messi, 700 millones https://t.co/YSu93M99S6
— MARCA (@marca) June 24, 2022
” ലയണൽ മെസ്സിയുടെ ആദ്യത്തെ വർഷം 700 മില്യൺ യുറോയോളം വരുമാനമാണ് ഞങ്ങൾക്ക് നൽകിയത്. ഇതിനുമുൻപ് ഇതുവരെ ഒരു സീസണിൽ ഇത്രയധികം വരുമാനം പിഎസ്ജി നേടിയിട്ടില്ല.എംബപ്പേയുടെ കരാർ പുതുക്കിയതിലൂടെയും ഞങ്ങൾ ഇതു തന്നെയാണ് ലക്ഷ്യം വെക്കുന്നത്.മെസ്സിയെ പോലെ എംബപ്പേയും ഞങ്ങളുമായി ഇമേജ് റൈറ്റ് പങ്കുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലും ഞങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും ” ഇതാണ് നാസർ അൽ ഖലീഫി പറഞ്ഞിട്ടുള്ളത്.
മെസ്സിയുടെ ഇമേജ് റൈറ്റിലൂടെ വലിയ വരുമാനം നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. അതുമാത്രമല്ല മെസ്സിയുടെ വരവോടുകൂടി പത്തോളം പുതിയ സ്പോൺസർമാരെ പിഎസ്ജിക്ക് ലഭിച്ചിരുന്നു. ഏകദേശം 300 മില്യൺ യൂറോയോളം ഇതുവഴി ഉണ്ടാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ജഴ്സി വില്പനയിലെ വർദ്ധനവ്, ടിക്കറ്റ് വിൽപ്പനയുടെ വർദ്ധനവ്, സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ വർദ്ധനവ് എന്നീ മാർഗങ്ങളിലൂടെയൊക്കെ വരുമാനം വർദ്ധിപ്പിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.