ആക്രമിക്കപ്പെട്ടു,ക്രൂശിക്കപ്പെട്ടു, അവഗണിക്കപ്പെട്ടു:ലൂയിസ് എൻറിക്കെ

നിലവിൽ മികച്ച പ്രകടനമാണ് പിഎസ്ജി ലൂയിസ് എൻറിക്കെക്ക് കീഴിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബാഴ്സക്കെതിരെ ഒരു അസാധാരണമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് പരാജയപ്പെട്ടുവെങ്കിലും രണ്ടാം പാദത്തിൽ അവർ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരികയായിരുന്നു.ഈ സീസണിൽ നാല് കിരീടങ്ങൾ നേടി കരുത്ത് കാണിക്കാനുള്ള അവസരമാണ് പിഎസ്ജിക്ക് മുന്നിലുള്ളത്.

ഈ സീസണിന്റെ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന പരിശീലകനാണ് ലൂയിസ് എൻറിക്കെ. എന്നാൽ അദ്ദേഹം അതൊന്നും വകവെക്കാതെ ടീമിനെ മികച്ച രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. തനിക്ക് ലഭിച്ച വിമർശനങ്ങളെ കുറിച്ച് ഇപ്പോൾ ലൂയിസ് എൻറിക്കെ സംസാരിച്ചിട്ടുണ്ട്. ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും പരാതിയില്ലെന്നും താൻ അതിനെയൊക്കെ ഇഷ്ടപ്പെടുന്നു എന്നുമാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ മാധ്യമങ്ങളൊന്നും ശ്രദ്ധിക്കാറില്ല.അത് സംപൂജ്യമാണ്.കഴിഞ്ഞ 10 വർഷത്തോളമായി ഞാൻ പരിശീലകനാണ്.ഞാൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്,ക്രൂശിക്കപ്പെട്ടിട്ടുണ്ട്,അവഗണിക്കപ്പെട്ടിട്ടുണ്ട്.ഒരുപാട് വിമർശനങ്ങൾ എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്.പക്ഷേ അക്കാര്യത്തിൽ എനിക്ക് പ്രശ്നമോ പരാതിയോ ഇല്ല. അതൊക്കെ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം ഇതിനോടകം തന്നെ പിഎസ്ജി സ്വന്തമാക്കിയതാണ്.കോപ ഡി ഫ്രാൻസിന്റെ ഫൈനലിൽ അവർ പ്രവേശിച്ചിട്ടുണ്ട്.എതിരാളികൾ ലിയോൺ ആണ്.ലീഗ് വൺ കിരീടം ഏറെക്കുറെ പിഎസ്ജി ഉറപ്പിച്ചിട്ടുണ്ട്.10 പോയിന്റിന്റെ ലീഡ് അവർക്കുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ബൊറൂസിയാ ഡോർട്മുണ്ടാണ് പിഎസ്ജിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *