അർജന്റൈൻ താരം പിഎസ്ജിയിലേക്ക് വരുന്നതിൽ കിലിയൻ എംബപ്പേക്ക് അതൃപ്തി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പിഎസ്ജി വിട്ടത്. ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയത്.എന്നാൽ യുവന്റസിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഈ സീസണിൽ ആകെ 12 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.

താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ ഈ ഇറ്റാലിയൻ ക്ലബ്ബിന് മുന്നിൽ ഉണ്ടെങ്കിലും അവരത് ഉപയോഗപ്പെടുത്തിയേക്കില്ല. അതിനർത്ഥം ഈ സീസണിന് ശേഷം ലിയാൻഡ്രോ പരേഡസ് പിഎസ്ജിയിലേക്ക് തന്നെ മടങ്ങി എത്തും എന്നുള്ളതാണ്.2024 വരെയാണ് ഈ അർജന്റീന താരത്തിന് പിഎസ്ജിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. എന്നാൽ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതായത് ലിയാൻഡ്രോ പരേഡസ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിനോട് സൂപ്പർതാരം കിലിയൻ എംബപ്പേക്ക് എതിർപ്പുണ്ട്. നേരത്തെ തന്നെ കിലിയൻ എംബപ്പേയും പരേഡസും തമ്മിൽ അത്ര സ്വരച്ചേർച്ചയിൽ അല്ലായിരുന്നു.പരേഡസ് ക്ലബ്ബ് വിടാനുള്ള കാരണങ്ങളിൽ ഒന്നായിക്കൊണ്ട് മാധ്യമങ്ങൾ കണ്ടെത്തിയത് എംബപ്പേയെ തന്നെയായിരുന്നു. മാത്രമല്ല കോൺട്രാക്ട് പുതുക്കിയതോടുകൂടി എംബപ്പേക്ക് ഡ്രസ്സിംഗ് റൂമിൽ കൂടുതൽ അധികാരങ്ങൾ കൈവന്നിട്ടുമുണ്ട്.

എംബപ്പേയെ കൂടാതെ മറ്റു ചില താരങ്ങൾക്കും പരേഡസ് തിരികെ വരുന്നതിനോട് എതിർപ്പുണ്ട്.ഏതായാലും പരേഡസ് ഇനി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ലയണൽ മെസ്സിയും പിഎസ്ജി വിടാനുള്ള ഒരുക്കത്തിലായതിനാൽ പരേഡസും ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *