അവർ റോബോട്ടുകളെ പോലെ, നെയ്മർ-എംബാപ്പെ സഖ്യത്തെ കുറിച്ച് ഇംഗ്ലീഷ് ഡിഫൻഡർ പറയുന്നു !

നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള കൂട്ടുകെട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നെയ്മർ-എംബാപ്പെ സഖ്യം. പിഎസ്ജിയുടെ മുന്നേറ്റനിരയിൽ ഈ രണ്ടു താരങ്ങളും പുറത്തെടുക്കുന്ന പ്രകടനം വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ പിഎസ്ജിയെയെത്തിക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ ബയേണിനോട് തോൽവി അറിയുകയായിരുന്നു. ഈ സീസണിൽ പരിക്കുകൾ മൂലം ഇരുവർക്കും ഒരുമിച്ച് കളിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുതാരങ്ങളെയും പ്രശംസിച്ചു കൊണ്ട് ഡിജോണിന്റെ ഇംഗ്ലീഷ് യുവഡിഫൻഡർ ജോനാഥാൻ പാൻസോ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഇരുവരും റോബോട്ടുകളെ പോലെയാണ് എന്നാണ് ഡിഫൻഡറുടെ അഭിപ്രായം.

നെയ്മറെയും എംബാപ്പെയെയും എങ്ങനെ തടയും എന്നുള്ള ചോദ്യത്തിന് മറുപടിയായി കൊണ്ടാണ് പാൻസോ ഇരുവരെയും കുറിച്ച് മനസ്സ് തുറന്നത്. ” അതൊരു തരത്തിൽ തമാശയാണ്. അവരെ തടയുക എന്നുള്ളത് റോബോട്ടുകളെ ഡിഫൻഡ് ചെയ്യുന്നതിന് തുല്യമാണ്. അവർ വളരെയധികം വേഗതയുള്ളവരാണ്. നല്ല രീതിയിൽ കളിക്കുന്നവരുമാണ്. അവരെ ഡിഫൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ് ” ജോനാഥാൻ പാൻസോ പറഞ്ഞു. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ Angers-നെ പിഎസ്ജി നേരിടുന്നുണ്ട്. മത്സരത്തിൽ നെയ്മറും എംബാപ്പെയും കളിക്കുമെന്നാണ് പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *