അവിടെ ഹാപ്പിയായിരിക്കും: നെയ്മർക്ക് അനുയോജ്യമായ പ്രീമിയർ ലീഗ് ക്ലബ്ബിനെ വെളിപ്പെടുത്തി മുൻ താരം.
സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്. ഈ സീസണിൽ പലപ്പോഴും സ്വന്തം ആരാധകരിൽ നിന്ന് നെയ്മർക്ക് കൂവലുകൾ നേരിടേണ്ടി വന്നിരുന്നു.മാത്രമല്ല നെയ്മറോട് ക്ലബ്ബ് വിട്ട് പുറത്തുപോകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. നെയ്മറുടെ വീടിന് പുറത്തുപോലും പിഎസ്ജി ആരാധകർ പ്രതിഷേധങ്ങൾ നടത്തിയതോടെയാണ് നെയ്മർ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടുള്ളത്. താരത്തെ കൈവിടാൻ ഇപ്പോൾ പിഎസ്ജി ഒരുക്കവുമാണ്.
നെയ്മർ ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നത് അദ്ദേഹത്തിന്റെ ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് നെയ്മർ എത്തണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ ആഗ്രഹം.മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ് നെയ്മർക്ക് അനുയോജ്യമായ ക്ലബ്ബിന് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.നെയ്മർ ആഴ്സണലിലേക്ക് പോകുന്നതാണ് നല്ലതെന്നും അവിടെ നെയ്മർ സന്തോഷവാനായിരിക്കും എന്നുമാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Neymar à Arsenal, ça matche ? 🧐👇https://t.co/JXV634xW6h
— GOAL France 🇫🇷 (@GoalFrance) May 25, 2023
“ലോകത്തെ ഏതൊരു വലിയ ക്ലബ്ബിനും അനുയോജ്യമായ താരമാണ് നെയ്മർ ജൂനിയർ.നെയ്മർ ആഴ്സണലിലേക്ക് പോവാൻ ഞാൻ ആഗ്രഹിക്കുന്നു. തീർച്ചയായും നെയ്മർ ആ ക്ലബ്ബിനെ ഇഷ്ടപ്പെടും.ആഴ്സണലിന്റെ കളിശൈലി നെയ്മർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.മാത്രമല്ല ഒരുപാട് യുവ സൂപ്പർതാരങ്ങൾക്കൊപ്പം കളിക്കാൻ അദ്ദേഹത്തിന് കഴിയും.പിഎസ്ജിയിൽ സംഭവിച്ചതിനെല്ലാം ഉള്ള ഒരു പ്രതികാരം തീർക്കാനുള്ള അവസരമായിരിക്കും അവിടെ എത്തിയാൽ നെയ്മറെ കാത്തിരിക്കുക.മാത്രമല്ല വേൾഡ് കപ്പിന് മികച്ച രൂപത്തിൽ ഒരുങ്ങാൻ കഴിയും.നെയ്മർ അവിടെ സന്തോഷവാനായിരിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.നെയ്മർക്ക് രണ്ട് വിങ്ങുകളിലും കളിക്കാം. പരിക്ക് ഭീതിയിലാവുമ്പോൾ റൊട്ടേറ്റ് ചെയ്ത് കളിക്കാനും നെയ്മർക്ക് ആർസണലിൽ സാധിക്കും ” ഇതാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.
പരിക്കു മൂലം ഈ സീസണിലെ ഒരുപാട് മത്സരങ്ങൾ നെയ്മർ ജൂനിയർക്ക് നഷ്ടമായിരുന്നു. എന്നിരുന്നാലും തകർപ്പൻ പ്രകടനം പിഎസ്ജിക്ക് വേണ്ടി ഈ സീസണിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിനു വേണ്ടി ചെൽസിയും ന്യൂകാസിലും താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.