അതിവേഗം വളരുന്ന ഫുട്ബോൾ ക്ലബ്ബ്,ഫോബ്സ് മാഗസിന്റെ പട്ടികയിൽ ഇടം നേടി പിഎസ്ജിയും!
2012-ൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഏറ്റെടുത്തതിനു ശേഷം ഫ്രഞ്ച് ക്ലബായ പിഎസ്ജിക്ക് വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ഇതിനുശേഷം പിഎസ്ജിക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി.
ഏതായാലും കഴിഞ്ഞ ദിവസം ഫോബ്സ് മാഗസിൻ ചില കണക്കു വിവരങ്ങൾ പുറത്തുവിട്ടിരുന്നു.ഫുട്ബോൾ ലോകത്തെ അതിവേഗം വളരുന്ന 10 ടീമുകളുടെ ലിസ്റ്റ് ഇവർ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഇടം നേടാൻ ഇപ്പോൾ പിഎസ്ജിക്കും സാധിച്ചിട്ടുണ്ട്.2021/22 സീസണിൽ മാത്രമായി പിഎസ്ജി എന്ന ക്ലബ്ബിന്റെ മൂല്യം 28% ആയി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 300 ശതമാനമാണ് പിഎസ്ജിയുടെ മൂല്യത്തിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
ഫുട്ബോൾ ലോകത്തെ മറ്റേത് ക്ലബ്ബിനും ഈ കാലയളവിൽ ഇത്രയും വലിയ രൂപത്തിലുള്ള ഒരു വളർച്ച ഉണ്ടായിട്ടില്ല. മാത്രമല്ല തുടർച്ചയായ രണ്ടാം തവണയും കായിക ലോകത്തെ ഏറ്റവും മൂല്യം കൂടിയ 50 ഫ്രാഞ്ചൈസികളിൽ ഇടം നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.മാത്രമല്ല ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യം കൂടിയ ഏഴാമത്തെ ഫ്രാഞ്ചൈസിയാണ് പിഎസ്ജി.ഫോബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ പിഎസ്ജി എന്ന ക്ലബ്ബിന്റെ ആകെ മൂല്യം 3.2 ബില്യൺ ഡോളറാണ്.
Le Paris Saint-Germain est reconnu par le magazine @Forbes comme la franchise de sport à la croissance la plus rapide du Top 10 du football mondial, dans un rapport publié aujourd'hui. 🔴🔵
— Paris Saint-Germain (@PSG_inside) September 9, 2022
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എല്ലാ മേഖലയിലും വൻ വളർച്ചയാണ് പിഎസ്ജി കൈവരിച്ചിട്ടുള്ളത്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ, ലയണൽ മെസ്സി എന്നിവരുടെ വരവുകൾ പിഎസ്ജിയുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. പക്ഷേ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്തത് ഇപ്പോഴും ക്ലബ്ബിന് ഒരു തലവേദനയാണ്. അതിന് ഇത്തവണയെങ്കിലും പരിഹാരമാകുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.