ലീഗ് വണ്ണിലെ ഗോൾഡൻ ബൂട്ട് ജേതാവായി എംബാപ്പെ
കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ ഉപേക്ഷിച്ച ലീഗ് വണ്ണിലെ ഗോൾഡൻ ബൂട്ട് ജേതാവിനെ നിശ്ചയിച്ചു. പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ കെയ്‌ലിൻ എംബാപ്പെയാണ് ഈ സീസണിലെ ഗോളടിവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. മൊണോക്കോയുടെ ബിൻ യേഡറിനെ പിന്തള്ളിയാണ് എംബാപ്പെ ജേതാവായത്. ഇരുവർക്കും പതിനെട്ട് ഗോളുകൾ വീതമാണെങ്കിലും ലിഗേ ഡി ഫുട്ബോൾ പ്രൊഫഷണൽ അധികൃതർ എംബാപ്പെയെ തിരഞ്ഞെടുക്കുകയായിരുന്നു.
നിലവിൽ ഇരുവർക്കും പതിനെട്ട് ഗോളുകൾ വീതമാണ് ലീഗിൽ ഉള്ളത്. എന്നിരുന്നാലും ഓപ്പൺ പ്ലേയിൽ ബെൻ യെഡറിനേക്കാൾ കൂടുതൽ ഗോളുകൾ എംബാപ്പെക്കാണ് എന്നതാണ് താരത്തെ ജേതാവായി നിശ്ചയിച്ചത്. അതായത് യെഡർ നേടിയ പതിനെട്ട് ഗോളുകളിൽ മൂന്നെണ്ണം പെനാൽറ്റിയിലൂടെ ആയിരുന്നുവെങ്കിൽ എംബാപ്പെ നേടിയതിൽ ഒന്നും പോലും പെനാൽറ്റി അല്ലായിരുന്നു. കൂടാതെ ഗോൾഅനുപാതത്തിലും എംബാപ്പെ യെഡറിനെ പിന്തള്ളി. കഴിഞ്ഞ സീസണിലെയും ഗോൾഡൻ ബൂട്ട് ജേതാവാണ് എംബാപ്പെ. കഴിഞ്ഞ സീസണിൽ 29 മത്സരങ്ങളിൽ 33 ഗോളുകളായിരുന്നു താരം അടിച്ചുകൂട്ടിയത്.