പിഎസ്ജി തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി തുറന്ന് പറഞ്ഞ് തിയാഗോ സിൽവ!

ഈ കഴിഞ്ഞ സീസണിലായിരുന്നു പിഎസ്ജിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ പിഎസ്ജിയിൽ നിന്നും പടിയിറങ്ങിയത്. എട്ട് വർഷത്തെ സേവനത്തിന് ശേഷം ഫ്രീ ഏജന്റ് ആയി കൊണ്ടാണ് താരം പിഎസ്ജിയോട് വിടചൊല്ലിയത്. താരത്തിന് താല്പര്യമില്ലാഞ്ഞിട്ട് പിഎസ്ജി സിൽവയെ കരാർ പുതുക്കാതെ പറഞ്ഞു വിടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തിന് ശേഷം പരിശീലകൻ തോമസ് ടുഷേൽ താരത്തെ നിലനിർത്താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ വിസമ്മതിക്കുകയായിരുന്നു. അദ്ദേഹം സിൽവയെ ഒഴിവാക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ പിഎസ്ജിക്കെതിരെയും ലിയനാർഡോക്കെതിരെയും വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിൽവ. അവർ തന്നെ പറഞ്ഞു വിട്ട രീതി ശരിയായില്ല എന്നാണ് സിൽവ അറിയിച്ചത്. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇത് തുറന്നു പറഞ്ഞത്.

” കാര്യങ്ങൾ വ്യത്യസ്ഥമായ രീതിയിൽ കലാശിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കരാർ അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് ലിയനാർഡോ എന്നോട് സംസാരിക്കുകയും രണ്ട് മാസം കൂടി ഇവിടെ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഞാൻ സന്തോഷത്തോടെ സമ്മതം മൂളി. ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങൾക്ക് വേണ്ടിയായിരുന്നു അത്. പക്ഷെ അദ്ദേഹം എന്നോട് പറഞ്ഞത് ഈ രണ്ട് മാസങ്ങളോട് കൂടി എല്ലാം അവസാനിക്കുമെന്നാണ്. അതായത് എന്നെ നിലനിർത്താൻ അവർക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നു. ചാമ്പ്യൻസ് ലീഗിലെ പ്രകടനങ്ങൾ എങ്കിലും എന്തെങ്കിലും മാറ്റം കൊണ്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. എന്റെ കരിയർ ഞാൻ പിഎസ്ജിക്ക് വേണ്ടിയാണ് ചിലവഴിച്ചത്. എന്റെ പരമാവധി ഞാൻ അവർക്ക് നൽകി. ഞാനൊരിക്കലും അവരെ ചതിച്ചിരുന്നില്ല. ഞാൻ എട്ട് വർഷം അവർക്ക് വേണ്ടി ചെയ്തു കൊടുത്തതിന് ഒരു വിലയുമില്ലേ? ലിയനാർഡോ ചെയ്തത് ഒരിക്കലും യോജിക്കാനാവാത്തതാണ്. എന്റെ കാര്യത്തിൽ മാത്രമല്ല. ക്ലബ്ബിന്റെ ടോപ് സ്കോറെർ ആയ കവാനിയുടെ കാര്യത്തിലും അവർ ഇത് തന്നെയാണ് ചെയ്തത് ” സിൽവ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *