ഒൻപത് പേരായി അവശേഷിച്ചു, അവസാനനിമിഷം വിജയിച്ചു കയറി പിഎസ്ജി !

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം വിജയിച്ചു കയറി പിഎസ്ജി. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനാണ് മെറ്റ്സിനെ പിഎസ്ജി തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരുടെ അഭാവത്തിലാണ് പിഎസ്ജി ഇന്നലെ ബൂട്ടണിഞ്ഞത്. സമനിലയിലേക്ക് നീങ്ങികൊണ്ടിരിക്കെ 93-ആം മിനിറ്റിൽ ജൂലിയൻ ഡ്രാക്സ്ലർ നേടിയ ഗോളാണ് പിഎസ്ജിയുടെ രക്ഷക്കെത്തിയത്. ലീഗ് വണ്ണിലെ ആദ്യ ജയമാണ് പിഎസ്ജി ഇന്നലെ നേടിയത്. ആദ്യം രണ്ട് മത്സരങ്ങളിലും പിഎസ്ജി അടിയറവ് പറഞ്ഞിരുന്നു. മൂന്ന് പോയിന്റ് നേടികൊണ്ട് ലീഗിൽ പതിനഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ പിഎസ്ജിക്ക് സാധിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള റെന്നസാണ് ആദ്യ സ്ഥാനത്ത്.

സറാബിയ, ഡിമരിയ, ഇകാർഡി എന്നിവരായിരുന്നു മുന്നേറ്റനിരയിൽ. ഗോൾ നേടാൻ പിഎസ്ജി കിണഞ്ഞു പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. മെറ്റ്സ് ഗോൾകീപ്പറുടെ മികച്ച പ്രകടനവും പിഎസ്ജിക്ക് വിലങ്ങുതടിയായി. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ അബ്ഡൗ ഡയാലോ റെഡ് കാർഡ് പുറത്തു പോയതോടെ പിഎസ്ജി പത്ത് പേരായി ചുരുങ്ങി. അവിടം കൊണ്ടും അവസാനിച്ചില്ല. യുവാൻ ബെർനാട്ട് പരിക്കേറ്റ് പുറത്തു പോയതോടെ പിഎസ്ജി ഒൻപത് പേരായി അവശേഷിച്ചു. സമനില മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഡ്രാക്സ്ലർ രക്ഷകനായി അവതരിക്കുന്നത്. ഡിമരിയ തൊടുത്ത ഷോട്ട് ഗോൾകീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് ഒരു ഹെഡറിലൂടെ ഡ്രാക്സ്ലർ വലയിൽ എത്തിക്കുകയായിരുന്നു. ഏറെ വിലപ്പെട്ട മൂന്ന് പോയിന്റാണ് പിഎസ്ജിക്ക് ഇതുവഴി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!