എന്റെ ജീവിതം മാറ്റിമറിച്ചത് ജൂനിഞ്ഞോ : തുറന്ന് പറഞ്ഞ് പക്വറ്റ

ഒളിമ്പിക് ലിയോണിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്വറ്റ നിലവിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എസി മിലാനിൽ വേണ്ട രൂപത്തിൽ തിളങ്ങാൻ കഴിയാതെ പോയ താരം ലിയോണിൽ മികച്ച പ്രകടനം നടത്തുകയായിരുന്നു.ലിയോണിന് വേണ്ടി കളിച്ച 58 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.

ഏതായാലും തന്റെ ഈയൊരു മാറ്റത്തിന് തന്നെ കാരണം ജൂനിഞ്ഞോയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ ലുകാസ് പക്വറ്റ. മുൻ ബ്രസീലിയൻ താരമായിരുന്ന ജൂനിഞ്ഞോ ലിയോണിന്റെ സ്പോർട്ടിങ് ഡയറക്ടറായിരുന്നു. ഈയിടെയായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ജൂനിഞ്ഞോ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നാണ് പക്വറ്റ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ജീവിതം തന്നെ മാറ്റിമറിച്ച വ്യക്തിയാണ് ജൂനിഞ്ഞോ.എന്നെ ഇവിടെ കൊണ്ടുവന്നതിൽ മാത്രമല്ല, അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ചു.അദ്ദേഹം ക്ലബ്ബിനോട് വിടപറഞ്ഞത് ഞങ്ങൾക്ക് കഠിനമായ ഒന്നാണ്. പക്ഷേ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്, അതിന് അദ്ദേഹത്തിന് കാരണങ്ങളുമുണ്ടാവും. ഞാനെപ്പോഴും അദ്ദേഹത്തെ പിന്തുണക്കും.എല്ലാവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നറിയാം. പക്ഷേ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.ജൂനിഞ്ഞോ ഇവിടെ ചെയ്ത കാര്യങ്ങൾ മറ്റാർക്കെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.എനിക്ക് ലിയോണിനോടൊപ്പം ചരിത്രം രചിക്കണം. കിരീടങ്ങൾ നേടാൻ വേണ്ടി ഞാൻ സാധ്യമായതെന്തും ചെയ്യും .ജൂനിഞ്ഞോ ചെയ്തതിന്റെ പത്ത് ശതമാനമെങ്കിലും എനിക്ക് ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് പക്വറ്റ പറഞ്ഞത്.

ഈയിടെ പക്വറ്റ ലിയോൺ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ താരത്തിന്റെ ഏജന്റ് തന്നെ അത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!