അമേരിക്കയിലും രക്ഷയില്ല,എംബപ്പേയെ പരിഹസിച്ച് അർജന്റൈൻ ആരാധകർ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വിജയം. എന്നാൽ ഹാട്രിക്ക് നേടിക്കൊണ്ട് ആരാധകരുടെ കയ്യടി നേടാൻ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നു.

അതേസമയം കിലിയൻ എംബപ്പേയെ അർജന്റീന താരങ്ങൾ അധിക്ഷേപിച്ചതൊക്കെ വലിയ രൂപത്തിൽ വിവാദമായിരുന്നു.എന്നാൽ എംബപ്പേ അതൊന്നും വകവെക്കാതെ ഉടൻതന്നെ തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ അദ്ദേഹം പിഎസ്ജിക്ക് വേണ്ടി കളിക്കുകയും ചെയ്തിരുന്നു.

ആ മത്സരത്തിനുശേഷം പിഎസ്ജി കിലിയൻ എംബപ്പേക്കും സുഹൃത്തായ അഷ്‌റഫ് ഹക്കീമിക്കും അവധി അനുവദിച്ചു നൽകിയിരുന്നു.തുടർന്ന് രണ്ടുപേരും അമേരിക്കയിലേക്ക് പറക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഒരു NBA മത്സരം കാണാൻ വേണ്ടി ഇരുവരും ഉണ്ടാവുകയും ചെയ്തിരുന്നു.ബ്രൂക്ലിൻ നെറ്റ്സും സാൻ അന്റോണിയോ സ്പർസും തമ്മിലുള്ള മത്സരം വീക്ഷിക്കാൻ വേണ്ടിയായിരുന്നു ഇരുവരും സന്നിഹിതരായിരുന്നത്.

എന്നാൽ എംബപ്പേയുടെ സാന്നിധ്യം മനസ്സിലാക്കിയ ചില അർജന്റീന ആരാധകർ അദ്ദേഹത്തെ അവിടെയും വെറുതെ വിട്ടില്ല. അർജന്റീനയുടെ പ്രശസ്തമായ മുച്ചാച്ചോസ്‌ ചാന്റ് അവർ അവിടെ മുഴക്കുകയായിരുന്നു.എംബപ്പേയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ആരാധകർ ഈ ചാന്റ് പാടിയിരുന്നത്.സ്പാനിഷ് മാധ്യമമായ മാർക്ക ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഏതായാലും പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം കോപ ഡി ഫ്രാൻസിലാണ് കളിക്കുക.ആ മത്സരത്തിൽ എംബപ്പേ ഉണ്ടായേക്കില്ല. അതേസമയം പിന്നീട് നടക്കുന്ന ആങ്കേഴ്സിനെതിരെയുള്ള മത്സരത്തിൽ എംബപ്പേ തിരിച്ചെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *