MSN ന് ശേഷം ഇതാദ്യം,ബാഴ്സ പൊളിച്ചടുക്കുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് സെവിയ്യയെ ബാഴ്സ പരാജയപ്പെടുത്തിയിട്ടുള്ളത്. റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു.ഹാൻസി ഫ്ലിക്കിന് കീഴിൽ ഗംഭീര പ്രകടനമാണ് ബാഴ്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങളിലും നിരവധി ഗോളുകൾ നേടാൻ അവർക്ക് കഴിയുന്നുണ്ട്.
ഇതുവരെ 12 ഒഫീഷ്യൽ മത്സരങ്ങളാണ് ബാഴ്സ ഈ സീസണിൽ കളിച്ചിട്ടുള്ളത്.12 മത്സരങ്ങളിൽ നിന്ന് മാത്രമായി 39 ഗോളുകൾ നേടാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.MSN കാലഘട്ടത്തിനുശേഷം ആദ്യമായി കൊണ്ടാണ് ആദ്യത്തെ 12 മത്സരങ്ങളിൽ നിന്ന് ഇത്രയും ഗോളുകൾ പിറക്കുന്നത്.ലൂയിസ് എൻറിക്കെക്ക് കീഴിൽ ആദ്യത്തെ 12 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയ ഒരു ചരിത്രം ബാഴ്സക്കുണ്ട്. അതിനുശേഷം ആദ്യമായാണ് ഇത്രയും മികച്ച കണക്കുകളിലേക്ക് വരുന്നത്.
അന്ന് മെസ്സിയും നെയ്മറും സുവാരസ്സും അടങ്ങുന്ന മുന്നേറ്റ നിരയായിരുന്നു ഗോളടിച്ചു കൂട്ടിയിരുന്നത്. ഇന്ന് അതേ നിലവാരത്തിലേക്ക് എത്തുകയാണ് ലെവയും യമാലും റാഫിഞ്ഞയും അടങ്ങുന്ന മുന്നേറ്റ നിര. കൂടാതെ പരിശീലകൻ ഫ്ലിക്കിന്റെ മികവ് കൂടി എടുത്തു പറയേണ്ടതുണ്ട്.പെപ്പിന് പോലും സാധിക്കാത്ത കണക്കുകളാണ് ഫ്ലിക്ക് ബാഴ്സയിൽ നേടിയെടുത്തിട്ടുള്ളത്. ബാഴ്സ പരിശീലകനായ കാലത്ത് പെപ്പിന് കീഴിൽ അവർ ആദ്യത്തെ 12 മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് 2011/12 സീസണിലാണ്. അന്ന് 36 ഗോളുകളാണ് നേടിയിരുന്നത്.
അതിനെ പോലും മറികടക്കാൻ ഇപ്പോഴത്തെ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.ലെവന്റോസ്ക്കി 14 ഗോളുകളും റാഫിഞ്ഞ 6 ഗോളുകളും യമാൽ 5 ഗോളുകളും ആണ് നേടിയിട്ടുള്ളത്.ബാക്കിയുള്ള ഗോളുകൾ മറ്റു താരങ്ങളാണ് കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്. ഏതായാലും ബാഴ്സയുടെ ഈ മുന്നേറ്റ നിരയും ബാക്കിയുള്ള താരങ്ങളും മാസ്മരിക ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.