മെസ്സിയുടെ പിതാവ് പ്രസിഡന്റിനെ കാണും, ഇന്ന് നിർണായകമായ ദിവസം !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച വളരെ നിർണായകമായ ദിവസമാണ് ഇന്ന് അതായത് ബുധനാഴ്ച്ച. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയും എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിലുള്ള കൂടിക്കാഴ്ച്ച നിശ്ചയിച്ച ദിവസമാണ് ഇന്ന്.ബുധനാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഇരുവരും തമ്മിൽ നേരിൽ കണ്ട് ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വളരെ നിർണായകമായ കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്‌തേക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ക്ലബ് വിടണം എന്ന ആഗ്രഹം അറിയിച്ചു കൊണ്ട് മെസ്സി ബറോഫാക്സ് അയച്ചതിനു ശേഷം കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയായിരുന്നു. എന്തെന്നാൽ മെസ്സിയും ക്ലബും തങ്ങളുടെ നിലപാടുകൾ മയപ്പെടുത്താത്തതിനാൽ പ്രശ്നപരിഹാരത്തിന് ഇതുവരെ സാധ്യതകൾ കുറവായിരുന്നു. എന്നാൽ ഇന്നത്തെ ചർച്ചയിലും രണ്ട് വിഭാഗക്കാരും നേരിടുന്ന പ്രശ്നം ഈ അടിയുറച്ച നിലപാടുകൾ തന്നെയായിരിക്കും. ക്ലബ് വിടണമെന്ന ഉറച്ച തീരുമാനത്തിൽ നിലക്കൊള്ളുന്ന മെസ്സിയും എന്ത് സംഭവിച്ചാലും ക്ലബ് വിടാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ബർതോമ്യുവും നിലനിൽക്കുന്നത്.

തന്റെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂണിൽ അവസാനിച്ചിട്ടില്ല എന്നും അതിന് ഇപ്പോഴും നിയമപരമായ സാധുതകൾ ഉണ്ട് എന്നുമാണ് മെസ്സി വിശ്വസിക്കുന്നത്. എന്നാൽ എഫ്സി ബാഴ്സലോണക്ക് പിന്തുണയുമായി ലാലിഗ രംഗത്ത് വന്നത് മെസ്സിക്ക് തിരിച്ചടിയായിരുന്നു. മെസ്സിക്ക് ക്ലബ് വിടാൻ സാധിക്കില്ലെന്നും എഴുന്നൂറ് മില്യൺ റിലീസ് ക്ലോസ് തുക മുഴുവനും നൽകിയാൽ മാത്രമേ മെസ്സിക്ക് ക്ലബ്ബിന് പുറത്തേക്ക് പോവാൻ പറ്റുകയൊള്ളൂ എന്നുമാണ് ലാലിഗ അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ ക്ലബ് വിടാനുള്ള ആകെയുള്ള പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. അതിനാൽ തന്നെ മെസ്സിയുടെ പിതാവ് ഇന്ന് ഏറ്റവും കൂടുതൽ ഉയർത്തി കാട്ടുക താരത്തിന്റെ റിലീസ് ക്ലോസിൽ മാറ്റം വരുത്തി കൊണ്ട് ക്ലബ് വിടാൻ അനുവദിക്കണം എന്നാവും. പക്ഷെ ഇത് ബർതോമ്യു സ്വീകരിക്കാൻ സാധ്യതകൾ വളരെ കുറവാണ്. കരാർ പുതുക്കുന്നതിനെ കുറിച്ച് വേണമെങ്കിൽ സംസാരിക്കാം എന്ന നിലപാടുകാരനാണ് ബർതോമ്യു. അതിനാൽ തന്നെ വളരെ നിർണായകമായ ചർച്ചയാണ് ഇന്ന് നടക്കാൻ പോവുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *