750-ന്റെ നിറവിൽ മെസ്സി, കാത്തിരിക്കുന്നത് ഐതിഹാസികമായ റെക്കോർഡ് !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ഹുയ്സ്ക്കയെ തകർത്തു വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ഫ്രങ്കി ഡിജോങ് ആണ് ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാനും മെസ്സിക്ക്‌ സാധിച്ചു. അതേസമയം ഇന്നലത്തെ മത്സരത്തോട് കൂടി ബാഴ്സക്ക്‌ വേണ്ടി 750 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് മെസ്സി. എല്ലാ കോമ്പിറ്റീഷനുകളിലുമായാണ് മെസ്സി 750 മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇതോടെ മെസ്സി ആ ഐതിഹാസികമായ ആ റെക്കോർഡിന്റെ തൊട്ടരികിലെത്തി. ബാഴ്‌സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 18 മത്സരങ്ങൾ കൂടി കളിച്ചാൽ മെസ്സി ആ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ കഴിഞ്ഞേക്കും. ബാഴ്സയുടെ മുൻ ഇതിഹാസതാരം സാവിയാണ് നിലവിൽ ഈ റെക്കോർഡ് കയ്യാളുന്നത്.

767 മത്സരങ്ങളാണ് സാവി ബാഴ്സക്ക്‌ വേണ്ടി ആകെ കളിച്ചിട്ടുള്ളത്. ഈ റെക്കോർഡ് മെസ്സി കടപ്പുഴക്കാൻ ഒരുങ്ങി നിൽക്കുന്നത്. ഈ സീസണിൽ തന്നെ മെസ്സിക്ക് ഇത് മറികടക്കാൻ സാധിച്ചേക്കും. ലാലിഗയിലെ ബാക്കിയുള്ള മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെയുള്ള പ്രീ ക്വാർട്ടറിലെ ഇരുപാദ മത്സരങ്ങളും കൂടി ഇനി 24 മത്സരങ്ങൾ സീസണിൽ അവശേഷിക്കുന്നുണ്ട്. കൂടാതെ കോപ്പ ഡെൽ റേ, സൂപ്പർ കോപ്പ ഡി എസ്പാന എന്നീ മത്സരങ്ങളും നടക്കാനുണ്ട്. ആയതിനാൽ തന്നെ മെസ്സി ഈ മത്സരങ്ങളിൽ ഒക്കെ തന്നെയും കളിക്കുകയാണെങ്കിൽ ഫെബ്രുവരി അവസാനത്തോടെ സാവിയെ മറികടന്നേക്കും. അതേസമയം ഇന്നലത്തെ മത്സരത്തോട് കൂടി മെസ്സി ലാലിഗയിൽ അഞ്ഞൂറ് മത്സരങ്ങൾ പൂർത്തിയാക്കി.ഇനി അഞ്ച് മത്സരങ്ങൾ കൂടി കളിച്ചാൽ ബാഴ്‌സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ലാലിഗ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാവും. നിലവിൽ സാവിയുടെ പേരിലാണ് ഈ റെക്കോർഡും.

Leave a Reply

Your email address will not be published. Required fields are marked *