5 സൂപ്പർതാരങ്ങൾ മടങ്ങിയെത്തി,ബാഴ്സ റയലിനെ നേരിടുക പൂർണ്ണ ശക്തിയിൽ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറുക.ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടമാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.

സമീപകാലത്ത് ബാഴ്സക്ക് ഏറ്റവും കൂടുതൽ തിരിച്ചടികൾ ഏൽപ്പിച്ചിരുന്നത് പരിക്കുകൾ തന്നെയായിരുന്നു. സുപ്രധാന താരങ്ങൾ ഇല്ലാതെയായിരുന്നു കഴിഞ്ഞ പല മത്സരങ്ങളിലും ബാഴ്സ വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് പരിശീലകനായ സാവിക്ക് കൂടുതലായി യുവതാരങ്ങളെ ഉപയോഗിക്കേണ്ടി വന്നത്. എന്നാൽ ഇന്നത്തെ എൽ ക്ലാസിക്കോ മത്സരത്തിന് പൂർണ്ണ ശക്തിയിലാണ് ഇപ്പോൾ എഫ്സി ബാഴ്സലോണ കടന്നുവരുന്നത്.

എന്തെന്നാൽ അവരുടെ 5 സൂപ്പർതാരങ്ങൾ പരിശീലനത്തിലേക്ക് കഴിഞ്ഞദിവസം മടങ്ങി എത്തിയിട്ടുണ്ട്. റോബർട്ട് ലെവന്റോസ്ക്കി,ഫ്രങ്കി ഡി യോങ്,പെഡ്രി,റാഫീഞ്ഞ,കൂണ്ടെ എന്നിവരാണ് ട്രെയിനിങ്ങിലേക്ക് മടങ്ങിയെത്തിയിട്ടുള്ളത്.ഇതിൽ പെഡ്രിയും ലെവന്റോസ്ക്കിയും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഏതൊക്കെ താരങ്ങൾ മത്സരത്തിന്റെ ഭാഗമാകും എന്ന് വിശദീകരിക്കാൻ സാവി തയ്യാറായിരുന്നില്ല. പക്ഷേ ഈ താരങ്ങൾ എല്ലാവരും തിരിച്ചെത്തിയത് എഫ്സി ബാഴ്സലോണയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.

മത്സരത്തിന്റെ തൊട്ടു മുന്നേയാണ് ടീമിനെ നിർണയിക്കുക എന്നാണ് സാവി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം സൂപ്പർതാരം ബെല്ലിങ്ഹാം ഈ മത്സരത്തിലും ഉണ്ടാകും എന്നുള്ളത് റയൽ പരിശീലകൻ വ്യക്തമാക്കിയിരുന്നു. ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *