27 വർഷം ബാഴ്സയുമായി പൊരുതി നിന്നു, ഒടുവിൽ ലാ ലിഗയിൽ നിന്നും എസ്പാന്യോൾ പുറത്ത്

RCD Espanyol de Barcelona എന്നാണ് എസ്പാന്യോൾ ക്ലബ്ബിൻ്റെ മുഴുവൻ പേര്. കാറ്റലോണിയയിൽ നിന്നുള്ള ക്ലബ്ബ്, FC ബാഴ്സലോണയെ ചിരവൈരികളായി കാണുന്നവർ! കഴിഞ്ഞ 27 വർഷക്കാലം തുടർച്ചയായി അവർ ലാ ലിഗയിൽ നിറസാന്നിധ്യമായിരുന്നു. 1994 ഏപ്രിൽ 23ന് പരിശീലകൻ ഹോസെ അൻ്റോണിയോ കമോച്ചോയും താരങ്ങളും ലാ ലിഗയിലേക്കുള്ള പ്രമോഷൻ ആഘോഷിച്ച ശേഷം ഏതാണ്ട് മൂന്ന് പതിറ്റാണ്ട് അവർ സ്പാനിഷ് ടോപ് ഫ്ലൈറ്റിൽ പന്തുതട്ടി. പക്ഷേ ഈ സീസൺ അവർക്ക് സമ്മാനിച്ചത് നിരാശ മാത്രമായിരുന്നു. ഇന്നലെ നഗര വൈരികളായ FC ബാഴ്സലോണയോട് ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെ രണ്ടാം ഡിവിഷനിലേക്ക് അവർ തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സീസണിൽ 35 മത്സരങ്ങളിൽ 5 എണ്ണം മാത്രം വിജയിച്ച അവർക്ക് 24 പോയിൻ്റാണുള്ളത്. ഇനിയും 3 മത്സരങ്ങൾ ഈ സീസണിൽ ശേഷിക്കുന്നുണ്ടെങ്കിലും നിലവിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ എസ്പാന്യോളിന് അവയൊക്കെ വിജയിച്ചാലും റെലഗേഷൻ സോണിൽ നിന്നും പുറത്ത് കടക്കാനാവില്ല!

സ്പാനിഷ് ഫുട്ബോളിൽ മികച്ച ചരിത്രമുള്ള ക്ലബ്ബാണ് എസ്പാന്യോൾ. സ്പാനിഷ് ടോപ് ഡിവിഷനിൽ വിവിധ ഘട്ടങ്ങളിലായി 85 സീസണുകളിൽ അവർ പന്ത് തട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അവർ വലൻസിയക്കൊപ്പമാണ്. റയൽ മാഡ്രിഡും, FC ബാഴ്സലോണയും അത്ലറ്റിക് ക്ലബ്ബ് ബിൽബാവോയും മാത്രമാണ് അവരേക്കാൾ കൂടുതൽ സീസണുകളിൽ സ്പാനിഷ് ടോപ് ഫ്ലൈറ്റിൽ പന്ത് തട്ടിയിട്ടുള്ളത്. കഴിഞ്ഞ 27 വർഷക്കാലം അവർക്ക് ഉയർച്ച താഴ്ചകളുടേതായിരുന്നു. അതിനിടയിൽ അവർ 2 തവണ കോപ്പ ഡെൽ റേ ചാമ്പ്യന്മാരായി, 2007ൽ യുവേഫ കപ്പിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

ഇക്കാലയളവിൽ 25 പരിശീലകരാണ് അവരെ കളി പഠിപ്പിക്കാനെത്തിയത്. അതിൽ ഏണസ്റ്റോ വാൽവെർദെ, മൗറീസിയോ പൊച്ചെറ്റീനോ തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു. എസ്പാന്യോളിൻ്റെ ചരിത്രം പറയുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത പേരാണ് റൗൾ ടമുഡോയുടേത്. അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണദ്ദേഹം. ഏതായാലും ഇപ്പോഴത്തെ തിരിച്ചടി താത്ക്കാലികമാണെന്നും എത്രയും പെട്ടെന്ന് ലാ ലിഗയിൽ തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് തിരിച്ചെത്താനാവും എന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *