2020: മെസ്സി ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത വർഷം !

ഫുട്ബോൾ ലോകത്തെ സംബന്ധിച്ചെടുത്തോളം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നു പോയത്. കോവിഡ് മഹാമാരി മൂലം കുറച്ചു കാലത്തേക്ക് ഫുട്ബോൾ മത്സരങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. ഏതായാലും സൂപ്പർ താരം ലയണൽ മെസ്സി ഒരിക്കൽ പോലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത വർഷമായിരിക്കും 2020 എന്ന കാര്യത്തിൽ സംശയമില്ല. അത്രയേറെ പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഈ വർഷം മെസ്സിക്ക് നേരിടേണ്ടി വന്നത്. ഇരുപത് വർഷക്കാലത്തോളം ജീവവായുവായി കൊണ്ട് നടന്ന ക്ലബ് വിടാൻ മെസ്സി തീരുമാനമെടുത്തത് ഈ കഴിഞ്ഞ വർഷത്തിലായിരുന്നു. അത്രയേറെ സംഘർഷാവസ്ഥയിലൂടെയായിരുന്നു മെസ്സി കടന്നു പോയികൊണ്ടിരുന്നത്.മൂന്ന് പരിശീലകരുടെ കീഴിലാണ് മെസ്സി ഈ കാലയളവിൽ കളിച്ചത്. വാൽവെർദെയെ പുറത്താക്കിയ ശേഷം സെറ്റിയന് കീഴിൽ മെസ്സി കളിച്ചു. അതിന് ശേഷം നാണക്കേടുകൾ മാത്രമാണ് മെസ്സിക്കും ബാഴ്‌സക്കും ലഭിച്ചത്. തുടർന്ന് റൊണാൾഡ് കൂമാന്റെ കീഴിൽ കളിക്കാൻ ആരംഭിച്ചുവെങ്കിലും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായിട്ടില്ല. പ്രത്യേകിച്ച് ലാലിഗയിൽ ഇപ്പോഴും ബാഴ്സ പിറകിലാണ്.

ഓഗസ്റ്റ് പതിനാലിനാണ് മെസ്സിയും ബാഴ്സയും ആ നാണക്കേട് ഏറ്റുവാങ്ങിയത്. 8-2 എന്ന സ്കോറിന് ബാഴ്സ ബയേണിന് മുന്നിൽ തകർന്നടിഞ്ഞു. ഒരൊറ്റ കിരീടം പോലും നേടാനാവാതെയാണ് കഴിഞ്ഞ വർഷം മെസ്സി അവസാനിപ്പിച്ചത്. സീസണിന്റെ അവസാനം മെസ്സി ക്ലബ്‌ വിടാൻ തീരുമാനിക്കുകയായിരുന്നു. ബറോഫാക്സ് മുഖാന്തരം മെസ്സി ക്ലബ് വിടാൻ അനുമതി ചോദിച്ചു. എന്നാൽ ബാഴ്‌സ സമ്മതിച്ചില്ല. ഒടുവിൽ ഒരാഴ്ച്ചക്ക്‌ മേലേ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക്‌ ശേഷം മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ ഉറ്റസുഹൃത്തായ ലൂയിസ് സുവാരസ് ബാഴ്സ വിട്ട് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറി. വ്യക്തിഗതമായും കാര്യപ്പെട്ട നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ മെസ്സിക്ക് സാധിച്ചില്ല. കൂടാതെ ഡിയഗോ മറഡോണയും ലോകത്തെ വിട്ടു പിരിഞ്ഞത് മെസ്സിക്ക്‌ സങ്കടമേൽപ്പിച്ച കാര്യമായിരുന്നു. ഏതായാലും 2021 വരുമ്പോഴും മെസ്സിയുടെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. താരത്തിന്റെ ഭാവി ഇനി എവിടെയാവുമെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ഏതായാലും മെസ്സി ബാഴ്സ വിടുമോ അതോ ക്ലബ്ബിൽ തന്നെ തുടരുമോ എന്നുള്ളത് ഈ വർഷം തീരുമാനിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *