2020 : ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മോശം വർഷം? ഒരു വിശകലനം !

2020 പടികളിറങ്ങി പോവുമ്പോൾ ഏറ്റവും ബുദ്ധിമുട്ടേറിയ വർഷങ്ങളിലൊന്നാണ് നമ്മിൽ നിന്നും കടന്നു പോവുന്നത്. കോവിഡ് മഹാമാരിയാണ് ലോകത്തിന്റെ താളം തെറ്റിച്ചത്. എന്നാൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ സംബന്ധിച്ചെടുത്തോളം ഏറ്റവും മോശമായ ഒരു വർഷമായായിരിക്കും 2020 രേഖപ്പെടുത്തുക. പരാജയങ്ങളും വിവാദങ്ങളും മാത്രമാണ് ഈ വർഷം ബാഴ്സക്ക്‌ നേടാനായത്. ബാഴ്‌സക്ക്‌ ഈ വർഷം എങ്ങനെയായിരുന്നുവെന്ന് ഒന്ന് പരിശോധിക്കാം.

മൂന്ന് പരിശീലകർ : ഈ വർഷം ബാഴ്‌സ തുടങ്ങിയത് തന്നെ പ്രതിസന്ധികളിലൂടെയാണ്. 2019-ന്റെ അവസാനത്തിലാണ് ബാഴ്‌സ പരിശീലകനായിരുന്ന ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയത്. തുടർന്ന് കീക്കെ സെറ്റിയനാണ് പരിശീലാകനായത്. എന്നാൽ ചാമ്പ്യൻസ് ലീഗിലെ തോൽവിയും ലാലിഗ കിരീടം നഷ്ടപ്പെട്ടതുമൊക്കെ സെറ്റിയന്റെ സ്ഥാനം തെറിപ്പിച്ചു. പിന്നീട് റൊണാൾഡ് കൂമാൻ വന്നു. എന്നാൽ പ്രതീക്ഷിച്ച മാറ്റം വരുത്താൻ ഇതുവരെ കൂമാന് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ബാഴ്സ ലാലിഗയിൽ കൂടുതൽ മോശമാവുകയാണ് ചെയ്തത്.

കിരീടമില്ലാത്ത വർഷം : ബാഴ്‌സ ഒരൊറ്റ കിരീടം പോലും നേടാനാവാതെ ഒരു വർഷം അവസാനിപ്പിക്കുക എന്നുള്ളത് അപൂർവമായ കാര്യമാണ്. എന്നാൽ ഈ വർഷം ഒരൊറ്റ കിരീടം പോലും നേടാൻ ബാഴ്സക്ക്‌ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് തോറ്റു പുറത്തായപ്പോൾ ലാലിഗ റയലിന് മുന്നിൽ അടിയറവ് വെക്കുകയും ചെയ്തു.

ബയേണിനോടേറ്റ നാണംകെട്ട തോൽവി : ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം ഈ വർഷം ഓർമ്മിക്കപ്പെടുക തങ്ങൾ വഴങ്ങിയ നാണംകെട്ട തോൽവിയുടെ പേരിലായിരിക്കും. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിസ്ബണിൽ വെച്ച് നടന്ന മത്സരത്തിൽ 8-2 എന്ന സ്കോറിനാണ് ബാഴ്‌സ നാണംകെട്ടത്.

മെസ്സിയുടെ ക്ലബ് വിടാനുള്ള ശ്രമം : ഈ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മെസ്സിയുടെ ക്ലബ് വിടാനുള്ള ശ്രമങ്ങളാണ്. തനിക്ക് ക്ലബ് വിടണമെന്ന് മെസ്സി ബാഴ്സയെ അറിയിക്കുകയും ബാഴ്സ അതിന് സമ്മതിക്കാതിരിക്കുകയുമാണ് ചെയ്തത്. ഇതോടെ താരം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുരുന്നു.

സാമ്പത്തികപ്രശ്നങ്ങൾ : കോവിഡ് മൂലം ഏറ്റവും കൂടുതൽ സാമ്പത്തികമായി തിരിച്ചടികൾ നേരിട്ട ക്ലബ് ബാഴ്‌സയാണ്. വലിയ തോതിലുള്ള സാമ്പത്തികഞെരുക്കമാണ് ബാഴ്സക്ക്‌ നേരിടേണ്ടി വന്നത്. ഫലമായി താരങ്ങളുടെ സാലറി കുറക്കാൻ ക്ലബ് നിർബന്ധിതരായിരുന്നു.

ബർതോമ്യുവിന്റെ രാജി : ബാഴ്സയുടെ പ്രസിഡന്റ്‌ ആയിരുന്ന ബർതോമ്യു പ്രതിഷേധങ്ങൾക്കൊടുവിൽ രാജിവെക്കുകയായിരുന്നു. ക്ലബ്ബിന്റെ തകർച്ചക്ക്‌ കാരണം ബർതോമ്യുവാണെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു. ഈ വരുന്ന ജനുവരി 24-ലാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *