16 വയസ്സ്, ലാലിഗയിൽ പുതുചരിത്രം കുറിച്ച് ലാമിനെ യമാൽ!

ഇന്നലെ ലാലിഗയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ പെഡ്രി,ഫെറാൻ ടോറസ് എന്നിവരായിരുന്നു ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ നിർണായകമായ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ബാഴ്സക്ക് കഴിഞ്ഞു.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഇടം നേടാൻ യുവ സൂപ്പർതാരമായ ലാമിനെ യമാലിന് സാധിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞക്ക് സസ്പെൻഷൻ ആയതിനാലാണ് അദ്ദേഹത്തിന്റെ പകരമായി കൊണ്ട് യമാലിന് നറുക്ക് വീണത്.മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഈ യുവ സൂപ്പർ താരം നടത്തിയത്.കാഡിസിന്റെ പ്രതിരോധനിരക്ക് പലതവണ ഇദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മാത്രമല്ല ഒരു പുതിയ ചരിത്രം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അതായത് ഒരു ലാലിഗ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് യമാൽ സ്വന്തമാക്കിയിട്ടുള്ളത്.ഇന്നലത്തെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ഈ താരത്തിന്റെ പ്രായം 16 വർഷവും 38 ദിവസവുമാണ്. ഇത് ലീഗിലെ ഒരു പുതിയ റെക്കോർഡാണ്. നേരത്തെ എഫ്സി ബാഴ്സലോണക്ക് വേണ്ടി യമാൽ കളിച്ചിട്ടുണ്ട്. പക്ഷേ അന്നൊക്കെ സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരുന്നു യമാൽ കളി കളത്തിലേക്ക് വന്നിരുന്നത്.

മത്സരത്തിന്റെ 85ആം മിനിട്ട് വരെ അദ്ദേഹം കളിക്കളത്തിൽ ഉണ്ടായിരുന്നു. താരത്തിന്റെ പകരക്കാരനായി വന്ന ഫെറാൻ ടോറസ് പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഒരു ഗോൾ കണ്ടെത്തി. ഇനി ബാഴ്സ തങ്ങളുടെ അടുത്ത മത്സരം വിയ്യാറയലിനെതിരെയാണ് കളിക്കുക. അടുത്ത ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *