14 വർഷത്തിന് ശേഷം ഇതാദ്യത്തേതാവുമോ?ബാഴ്‌സ ആരാധകർ ആശങ്കയിൽ !

ദിവസങ്ങൾക്ക് മുമ്പ് നടന്ന സൂപ്പർ കോപ്പ സെമി ഫൈനലിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. പരിക്ക് മൂലമായിരുന്നു അത്‌. എന്നാൽ ഇന്ന് നടക്കുന്ന ഫൈനൽ മെസ്സിക്ക് നഷ്ടമാവുമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇന്നലെ മെസ്സി പരിശീലനം നടത്തിയത് ആരാധകർക്ക്‌ ആശ്വാസകരമായ കാര്യമാണ്. എന്നാൽ ഇന്നത്തെ ഫൈനൽ മെസ്സിക്ക് നഷ്ടമായാൽ അത്‌ 14 വർഷത്തിന് ശേഷമുള്ള ആദ്യ സംഭവമാകും. അതായത് പതിനാലു വർഷത്തിന് ശേഷം ഇതാദ്യമാവും മെസ്സിക്ക് ഒരു ഫൈനൽ നഷ്ടമാവുന്നത്. 2006-ൽ നടന്ന ക്ലബ് വേൾഡ് കപ്പ് ഫൈനൽ ആണ് മെസ്സിക്ക്‌ ഇതിന് മുമ്പ് നഷ്ടമായിട്ടുള്ളത്. ഇന്റർനാസിയോണലിനെതിരെ നടന്ന ആ ഫൈനൽ പരിക്ക് മൂലമാണ് മെസ്സിക്ക് നഷ്ടമായത്. അന്ന് ബാഴ്‌സ 1-0 എന്ന സ്കോറിന് തോൽക്കുകയും ചെയ്തിരുന്നു.

ആ സീസണിൽ തന്നെ മെസ്സിക്ക് മറ്റു ഫൈനലുകളും നഷ്ടമായിരുന്നു. റയൽ ബെറ്റിസിനെതിരെയുള്ള സൂപ്പർ കോപ്പയുടെ രണ്ട് പാദ ഫൈനലുകളും മെസ്സിക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ഇതേ സീസണിൽ തന്നെ ആഴ്സണലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലും പരിക്ക് മൂലം മെസ്സിക്ക് നഷ്ടമായി. അതായത് 15 വർഷത്തിനിടെ മെസ്സിക്ക്‌ ആകെ നഷ്ടമായത് മൂന്ന് ഫൈനലുകൾ ആണ്. 2006-ന് ശേഷം മെസ്സി 27 ഫൈനലുകൾ ആണ് കളിച്ചത്. 2009/10 സീസണിൽ അത്‌ലെറ്റിക്ക് ക്ലബ്ബിനെതിരെയുള്ള സൂപ്പർ കോപ്പ ഫൈനലിന്റെ ആദ്യപാദം മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ മെസ്സി കളിച്ചു. 2010-ൽ ഇതേ കോമ്പിറ്റീഷനിൽ തന്നെ സെവിയ്യക്കെതിരെ പകരക്കാരനായി വന്നു. ഓരോ ഫൈനലിലും മെസ്സി എന്ന താരം ബാഴ്‌സയുടെ അവിഭാജ്യഘടകമാണ്. താരം ഈ ഫൈനലിലും കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *