ഹോർമോൺ അസുഖത്തെ ഭയപ്പെട്ടിരുന്നില്ല, ചികിത്സ തടസ്സമായതുമില്ല : മെസ്സി!

തന്റെ കരിയറിലെ ഏഴാം ബാലൺ ഡി’ഓർ സ്വന്തമാക്കിയതിന് ശേഷം ഫ്രാൻസ് ഫുട്ബോളിന് മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു. നിരവധി കാര്യങ്ങളെ കുറിച്ച് ഈ അഭിമുഖത്തിൽ മെസ്സി സംസാരിച്ചിരുന്നു.കുട്ടിക്കാലത്ത് മെസ്സിക്ക് ഹോർമോണിന്റെ അസുഖം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ നടത്തേണ്ടി വന്നിരുന്നു. ആ അതിജീവനത്തിന്റെ നാൾവഴികൾ മെസ്സി വിശദീകരിച്ചിട്ടുണ്ട്. അസുഖത്തെ ഭയപ്പെട്ടിരുന്നില്ലെന്നും ചികിത്സ ഒരു തടസ്സമായി അനുഭവപ്പെട്ടിരുന്നില്ല എന്നുമാണ് മെസ്സി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അമ്മക്കൊപ്പം ചെക്കപ്പിന് പോയത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഒന്നോ രണ്ടോ മണിക്കൂറുകൾ ഞങ്ങൾ അവിടെ ചിലവഴിച്ചു. എനിക്ക് ഒരു അസുഖം ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയപ്പോൾ, അതൊരിക്കലും എന്നെ ബാധിക്കില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ചെറിയ കുട്ടി ആയതുകൊണ്ട് അന്നെനിക്ക് അസുഖത്തെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അവർ ചികിത്സ എന്നോട് വിശദീകരിച്ചു.ഓരോ ദിവസവും ഇൻജെക്ഷൻ എടുക്കാൻ നിർദേശിച്ചു. ഞാനെന്റെ അസുഖത്തെ ഭയപ്പെട്ടിരുന്നില്ല. മുൻപത്തെ പോലെ തന്നെ ജീവിതവും കളിയും ഞാൻ തുടർന്നു. ഇൻജക്ഷൻ എടുക്കൽ എന്റെ ജീവിതത്തിലെ സാധാരണമായ ഒരു കാര്യം ആയി തീർന്നു. കൂട്ടുകാരോടൊപ്പം പോകുമ്പോൾ ഒരു ഡോസ് ഞാൻ എന്റെ കയ്യിൽ കരുതും. എല്ലാവർക്കും അറിയാമായിരുന്നു എനിക്ക് ഇഞ്ചക്ഷനുള്ള കാര്യം. ഒടുവിൽ അതന്റെ ജീവിത ക്രമത്തിന്റെ ഭാഗമായി തീരുകയായിരുന്നു ” മെസ്സി പറഞ്ഞു.

മെസ്സിയുടെ ചികിത്സക്ക് വേണ്ടി എഫ്സി ബാഴ്സലോണ അദ്ദേഹത്തെ സഹായിച്ചിരുന്നു. ആ അസുഖത്തെ അതിജീവിച്ച മെസ്സിയിന്ന് എത്തി നിൽക്കുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ബാലൺ ഡി’ഓർ നേടിയ ഫുട്ബോൾ താരമായി കൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *