ഹാമിഷ് റോഡ്രിഗസ് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു!
2014 ബ്രസീൽ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതോടുകൂടിയാണ് കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസ് ഫുട്ബോൾ ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.ഇതോടെ താരത്തെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കി. എന്നാൽ റയലിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ മറ്റു പല ക്ലബ്ബുകളിലേക്കും അദ്ദേഹത്തിന് ചേക്കേറേണ്ടി വരികയായിരുന്നു.ബയേൺ,എവർട്ടൻ,അൽ റയ്യാൻ,ഒളിമ്പിയാക്കോസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ കളിച്ചു.
നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയുടെ താരമാണ് റോഡ്രിഗസ്.പക്ഷേ ഈ കോപ്പ അമേരിക്കയിൽ അതിശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.കോപയിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ഹാമിഷ് സ്വന്തമാക്കിയിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ആറ് അസിസ്റ്റുകളുമായിരുന്നു താരം നേടിയിരുന്നത്. കൊളംബിയ ഫൈനലിൽ എത്തിച്ചത് ഹാമിഷിന്റെ ഒരു മികവ് തന്നെയാണ്.
ഇതോടെ താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.ഇപ്പോൾ അദ്ദേഹം ലാലിഗയിലേക്ക് മടങ്ങിയെത്തുകയാണ്.റയോ വല്ലക്കാനോയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. അവർ സാവോ പോളോക്ക് ഒരു ഒഫീഷ്യൽ ബിഡ് സമർപ്പിച്ച് കഴിഞ്ഞ്.വല്ലക്കാനോയിൽ ജോയിൻ ചെയ്യാൻ റോഡ്രിഗസ് തയ്യാറാണ്.2025 ജൂൺ വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക. ഒരു വർഷത്തേക്ക് കൂടി കോൺട്രാക്ട് നീട്ടാനുള്ള ഓപ്ഷനും അദ്ദേഹത്തിന് ലഭ്യമാണ്.
സാവോ പോളോക്ക് വേണ്ടി ഈ ബ്രസീലിയത്ത് ലീഗിൽ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.കഴിഞ്ഞ സീസണിൽ 12 ലീഗ് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും താരത്തിന്റെ വരവ് റയോ വല്ലക്കാനോക്ക് കൂടുതൽ ശക്തി പകരുന്നതായിരിക്കും.ഇത്തവണ ലാലിഗയിൽ കൂടുതൽ മികവ് കാണിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.