ഹസാർഡ് 2.0 :എംബപ്പേക്ക് എതിർ ആരാധകരുടെ വിമർശനം!

ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.മയ്യോർക്കയാണ് സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ റയലിനെ സമനിലയിൽ കുരുക്കിയത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.റയലിന്റെ ഗോൾ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയായിരുന്നു നേടിയിരുന്നത്.വിനീഷ്യസ് ജൂനിയർ ആയിരുന്നു മത്സരത്തിൽ അസിസ്റ്റ് സ്വന്തമാക്കിയത്.

സൂപ്പർ താരം കിലിയൻ എംബപ്പേ ഈ മത്സരത്തിലൂടെയാണ് ലാലിഗ അരങ്ങേറ്റം നടത്തിയിട്ടുള്ളത്.എന്നാൽ അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് അരങ്ങേറ്റ മത്സരത്തിൽ നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.ഇതോടെ വിമർശകർ രംഗത്ത് വന്നു കഴിഞ്ഞു. പരിഹസിച്ചുകൊണ്ടുള്ള എതിർ ആരാധകരുടെ ചില പ്രതികരണങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതൊന്ന് പരിശോധിക്കാം.

ഒരു ആരാധകൻ ഈഡൻ ഹസാർഡ് 2.0 എന്നാണ് എംബപ്പേയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതായത് ഹസാർഡിന് റയലിൽ തിളങ്ങാൻ കഴിയാതെ പോയതുപോലെ എംബപ്പേയും റയലിൽ പരാജയപ്പെടും എന്നാണ് ഈ ആരാധകൻ പറയുന്നത്.

വളരെ മോശം സ്ട്രൈക്കർ എന്നാണ് ഒരു ആരാധകൻ എംബപ്പേയെ വിമർശിച്ചിട്ടുള്ളത്.എംബപ്പേ ബെഞ്ചിൽ ഇരിക്കുന്നതാണ് നല്ലത്,വളരെ മോശം പ്രകടനം, എന്റെ രണ്ട് മണിക്കൂർ പാഴായിപ്പോയി എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്. നിലവിൽ റയൽ മാഡ്രിഡ് 3 ലെഫ്റ്റ് വിങ്ങർമാരെ വെച്ചുകൊണ്ടാണ് കളിക്കുന്നത്,ഇത് വളരെ മോശം ഐഡിയയാണ് എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഫാർമേഴ്സ് ലീഗ് അല്ല എന്നത് എംബപ്പേ തിരിച്ചറിഞ്ഞ നിമിഷം എന്നാണ് ഒരാൾ പരിഹസിച്ചു കൊണ്ട് എഴുതിയിട്ടുള്ളത്.

ചുരുക്കത്തിൽ ഒരൊറ്റ മത്സരത്തിൽ മോശമായതോടുകൂടി തന്നെ വലിയ പരിഹാസങ്ങളും വിമർശനങ്ങളുമാണ് എതിർ ആരാധകരിൽ നിന്നും എംബപ്പേക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇതൊന്നും തന്നെ താരത്തെ അലട്ടില്ല എന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തിൽ പൂർവാധികം ശക്തിയോടുകൂടി ക്ലബ്ബ് തിരിച്ചുവരും എന്നത് തന്നെയാണ് അവരുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *