സൗദിയിൽ നിന്നും നിരവധി ഓഫറുകൾ,റയൽ സൂപ്പർ താരം പോവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് ഏജന്റ്.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജൂഡ് ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.തകർപ്പൻ പ്രകടനമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വരവോടുകൂടി സ്ഥാനം നഷ്ടമായത് ക്രൊയേഷ്യൻ സൂപ്പർതാരമായ ലൂക്ക മോഡ്രിച്ചിനാണ്. 15 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും ആറുമത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നത്.

അവസരങ്ങൾ വേണ്ടത്ര ലഭിക്കാത്തതിൽ താൻ ഹാപ്പിയല്ലെന്ന് മോഡ്രിച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു.വരുന്ന ജനുവരിയിലോ അതല്ലെങ്കിൽ സമ്മറിലോ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. സൗദിയിൽ നിന്നും നിരവധി ഓഫറുകൾ മോഡ്രിച്ചിന് ലഭിച്ചിട്ടുണ്ടെന്നും അനുയോജ്യമായ ഒരു ഓഫറാണെങ്കിൽ അദ്ദേഹം സൗദിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും താരത്തിന്റെ ഏജന്റ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.ബോർഹാ കൗസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സമ്മറിൽ തന്നെ സൗദി ക്ലബ്ബുകൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.നിരവധി ഓഫറുകൾ മോഡ്രിച്ചിന് അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. റിയാദിൽ നിന്നുള്ള ഒരു ഓഫറും മറ്റൊരു ക്ലബ്ബിൽ നിന്നുള്ള ഓഫറും ഇപ്പോൾ മുന്നിലുണ്ട്.നിലവിൽ റയൽ മാഡ്രിഡിനെ കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. പക്ഷേ അനുയോജ്യമായ ഒരു ഓഫർ വന്നു കഴിഞ്ഞാൽ അദ്ദേഹം സൗദിയിലേക്ക് പോകാനുള്ള സാധ്യത ഉണ്ട് ” ഇതാണ് മോഡ്രിച്ചിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

റയൽ മാഡ്രിഡ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്ലബ്ബായ അൽ നസ്ർ തീർച്ചയായും ഈ സൂപ്പർതാരത്തിന് വേണ്ടി ശ്രമിച്ചേക്കും. അതേസമയം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *