സെൽറ്റ വിഗോയോട് അട്ടിമറി തോൽവി, ലാലിഗ കിരീടപ്പോരാട്ടത്തിൽ നിന്നും ബാഴ്‌സ പുറത്ത്!

ഈ തവണത്തെ ലാലിഗ കിരീടം ചൂടാമെന്ന എഫ്sസി ബാഴ്സലോണയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ഇന്നലെ ലാലിഗയിൽ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ സെൽറ്റ വിഗോയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയതാണ് ബാഴ്സയുടെ കിരീടം മോഹങ്ങൾക്ക് വിരാമമേൽപ്പിച്ചത്. ഇതോടെ കിരീടപ്പോരാട്ടത്തിൽ നിന്ന് ബാഴ്സ ഔദ്യോഗികമായി പുറത്തായി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ സെൽറ്റ വിഗോയോട് പരാജയം പരാജയപ്പെട്ടത്.ബാഴ്‌സക്ക് വേണ്ടി മെസ്സി ലീഡ് നേടികൊടുത്തിരുന്നുവെങ്കിലും സാന്റി മിന നേടിയ ഇരട്ട ഗോളുകൾ ബാഴ്സയെ പരാജയത്തിലേക്ക് തള്ളിയിടുകയായിരുന്നു.ഡിഫൻഡർ ലെങ്ലെറ്റ്‌ റെഡ് കാർഡ് കണ്ടതും ബാഴ്സക്ക് തിരിച്ചടിയായി.നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുകളുള്ള ബാഴ്സ മൂന്നാം സ്ഥാനത്താണ്.83 പോയിന്റുള്ള അത്ലറ്റിക്കോ,81 പോയിന്റുള്ള റയൽ എന്നിവർക്കാണ് നിലവിൽ കിരീടസാധ്യതയുള്ളത്.

മെസ്സി- ഗ്രീസ്‌മാൻ എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തി 3-5-2 ഫോർമേഷനിലാണ് കൂമാൻ ബാഴ്‌സ കളത്തിലേക്കിറക്കിയത്.മത്സരത്തിന്റെ 28-ആം മിനുട്ടിലാണ് മെസ്സി ബാഴ്സക്ക് ലീഡ് നേടികൊടുക്കുന്നത്.ബുസ്ക്കെറ്റ്‌സിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്. എന്നാൽ ബാഴ്‌സയുടെ സന്തോഷങ്ങൾക്ക് 10 മിനുട്ട് മാത്രമേ ആയുസുണ്ടായിരുന്നൊള്ളൂ.38-ആം മിനിറ്റിൽ ആസ്പാസിന്റെ അസിസ്റ്റിൽ നിന്ന് തകർപ്പനൊരു ഷോട്ടിലൂടെ സാന്റി മിന സെൽറ്റക്ക് സമനില നേടികൊടുത്തു.രണ്ടാം പകുതിയുടെ 83-ആം മിനുട്ടിൽ രണ്ടാം യെല്ലോ കാർഡും ലഭിച്ച് ബാഴ്സ ഡിഫൻഡർ ലെങ്ലെറ്റിന് പുറത്ത് പോവേണ്ടി വന്നു. ഇത്‌ ബാഴ്സക്ക് തിരിച്ചടിയേൽപ്പിച്ചു.89-ആം മിനുട്ടിൽ സാന്റി മിന തന്റെ രണ്ടാം ഗോളും നേടിയതോടെ ബാഴ്സ പരാജയം രുചിക്കുകയായിരുന്നു.ഇനി എയ്ബറിനെതിരെയാണ് ബാഴ്‌സയുടെ അവസാനമത്സരം. ഇതെങ്കിലും വിജയിച്ച് കൊണ്ട് ലീഗ് അവസാനിപ്പിക്കാനാവും ബാഴ്‌സ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *