സെവിയ്യക്ക്‌ കരുത്തേകാൻ ഇനി പപ്പു ഗോമസും, ലാലിഗയിൽ ഇനി മത്സരം കടുക്കും!

അർജന്റീനയുടെ സൂപ്പർതാരമായ പപ്പു ഗോമസിനെ തങ്ങൾ തട്ടകത്തിലെത്തിച്ചതായി അറിയിച്ച് സെവിയ്യ. ഇന്നലെയാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡറെ തങ്ങൾ സൈൻ ചെയ്ത കാര്യം ഔദ്യോഗികമായി സെവിയ്യ അറിയിച്ചത്. അറ്റലാന്റയുടെ താരമായിരുന്ന പപ്പു ഗോമസിനെ 2024 വരെയാണ് സെവിയ്യ കൂടെ കൂട്ടിയിരിക്കുന്നത്. 32-കാരനായ താരത്തിനു വേണ്ടി 5 മില്യൺ യൂറോയാണ് സെവിയ്യ മുടക്കിയതായി മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൂടാതെ രണ്ട് മില്യൺ യൂറോ ആഡ് ഓൺസുമുണ്ട്.ശനിയാഴ്ച്ച എയ്ബറിനെതിരെ നടക്കുന്ന മത്സരത്തിൽ താരം സെവിയ്യക്ക്‌ വേണ്ടി അരങ്ങേറിയേക്കുമെന്നാണ് വാർത്തകൾ.

2014 മുതൽ അറ്റലാന്റയിലെ സ്ഥിരസാന്നിധ്യമാണ് പപ്പു ഗോമസ്. 250-ൽ പരം മത്സരങ്ങൾ കളിച്ച പപ്പു ഗോമസ് 59 ഗോളുകളും 71 അസിസ്റ്റുകളും നേടിയിട്ടുണ്ട്.2019 ചാമ്പ്യൻസ് ലീഗിൽ ചരിത്രത്തിലാദ്യമായി അറ്റ്ലാന്റ ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ അന്ന് ടീമിനെ നയിച്ചിരുന്നത് പപ്പു ഗോമസ് ആയിരുന്നു.എന്നാൽ ഡിസംബറിൽ നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് പപ്പു ഗോമസിനും പരിശീലകനുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. തുടർന്ന് താരത്തെ പല മത്സരങ്ങളിലും പരിശീലകൻ തഴഞ്ഞു.ഡിസംബർ പതിനാറാം തിയ്യതി യുവന്റസിനെതിരെയാണ് പപ്പു ഗോമസ് അവസാനമായി അറ്റ്ലാന്റക്ക്‌ വേണ്ടി കളിച്ചത്. താരം ലാലിഗയിൽ എത്തുന്നതോടെ മത്സരങ്ങൾ കടുക്കുമെന്നുറപ്പാണ്. നിലവിൽ പോയിന്റ് ടേബിൾ നാലാം സ്ഥാനത്താണ് സെവിയ്യ. റയലിനും അത്ലെറ്റിക്കോക്കും ബാഴ്‌സക്കും ഇനി വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *